വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ യുവതി മരിച്ചത് മതിയായ ചികിത്സ ലഭിക്കാത്തതിനാലാണെന്നു ബന്ധുക്കളുടെ പരാതി. വെള്ളമുണ്ട എടത്തിൽ കോളനിയിലെ സുരേഷിന്റെ ഭാര്യ സിന്ധു (23) ആണ് മരിച്ചത്. അരിവാൾ രോഗിയായ സിന്ധുവിനെ കാൽമുട്ടു വേദനയെ തുടർന്നു ശനിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ സിന്ധുവിന്റെ അമ്മ ഗീത ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരോട് കാര്യം പറഞ്ഞെങ്കിലും നഴ്സുമാർ തട്ടിക്കയറുകയാണ് ചെയ്തതെന്നും ഡോക്ടറെ വിളിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പിന്നീട് സിന്ധു അവശതയിലായതിനെത്തുടർന്നാണ് ഡോക്ടർ എത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചു. ഇന്നലെ വൈകുന്നേരം വരെ സിന്ധുവിന് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. രാത്രിയോടെ അവശത അനുഭവപ്പെട്ടപ്പോഴാണ് ഡോക്ടറെ വിളിക്കാൻ നഴ്സുമാരോട് പറഞ്ഞത്. എന്നാൽ മരുന്നല്ല ഭക്ഷണമാണ് വേണ്ടതെന്ന് നഴ്സുമാർ പറഞ്ഞു. 9 മണിയോടെയാണ് സിന്ധു മരിച്ചത്. സിന്ധുവിന്റെ മരണശേഷം നഴ്സുമാരെ ആശുപത്രിയിൽ കണ്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. വൈകിട്ടോടെ സിന്ധുവിന്റെ മൃതദേഹം സംസ്കരിച്ചു. ആശുപത്രി ജീവനക്കാരുടെ വീഴ്ചയിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡിഎംഒ ഉൾപ്പെടെയുള്ളവർക്ക് ബന്ധുക്കൾ പരാതി നൽകി.