വിവാഹംകഴിക്കാൻ പണം നൽകിയില്ല; അച്ഛനെ വാക്കത്തിക്ക് അടിച്ചുവീഴ്‌ത്തി തീവെച്ചുകൊന്നു... #Crime_News

 


 വിവാഹം കഴിക്കാൻ പണം നൽകാത്തതിന് അച്ഛനെ വാക്കത്തികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി തീവെച്ച് കൊന്നെന്ന കേസിൽ മകൻ അറസ്റ്റിൽ. മാങ്കുളം ആറാംമൈൽ മുപ്പത്തിമൂന്നിനു സമീപം താമസിക്കുന്ന, പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനെ (58)-ആണ് മകൻ ബിബിൻ കൊന്നത്. തലയ്ക്കടിച്ചിട്ടശേഷം മരിച്ചെന്ന് കരുതി പ്ലാസ്റ്റിക് പടുതയിട്ടുമൂടി തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ടോടെയാണ് അരുംകൊല നടന്നത്. എന്നാൽ, തിങ്കളാഴ്ച വൈകീട്ടാണ് വീടിന് സമീപത്തെ ഷെഡിൽ കത്തിക്കരിഞ്ഞനിലയിൽ തങ്കച്ചന്റെ മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന മകനെ കാണാതായി. മകൻ ബിബിൻ മദ്യപിച്ച് പതിവായി വഴക്കുണ്ടാക്കാറുണ്ടെന്ന് അറിഞ്ഞ പോലീസ് ഇയാളെ ചൊവ്വാഴ്ച രാവിലെ മാങ്കുളം ടൗണിൽനിന്ന് പിടികൂടുകയുമായിരുന്നു. മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ.അരമനയുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.

വിരലടയാളവിദഗ്ധരടക്കം സ്ഥലത്തെത്തി ശാസ്ത്രീയതെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- ഒരുദിവസം മുമ്പ് ബിബിൻ തന്റെ സ്ത്രീ സുഹൃത്തുമായി വീട്ടിലെത്തി. ഇവരുമായുള്ള വിവാഹം നടത്തുന്നതിനായി അച്ഛനോട് ഇയാൾ പണം ആവശ്യപ്പെട്ടു. എന്നാൽ, പണം നൽകാനാകില്ലെന്ന് പറഞ്ഞതോടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിലുള്ള വൈരംമൂലമാണ് കൊലപാതകം. പ്രദേശവാസികളിൽ ഒരാൾ തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞനിലയിൽ തങ്കച്ചന്റെ മൃതദേഹം കണ്ടത്. ഇയാൾ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

സ്വന്തം മകൻ പിതാവിന്റെ ജീവൻ കവർന്ന ഞെട്ടലിലാണ് മാങ്കുളം ആറാംമൈൽ മുപ്പത്തിമൂന്നിലെ കുടുംബങ്ങൾ. തങ്കച്ചന്റെ മരണം ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്. പലരും വിശ്വസിക്കാൻ പാടുപെട്ടു. പ്രദേശവാസിയായ ഗോപാലനായിരുന്നു തങ്കച്ചന്റെ മൃതദേഹം ആദ്യം കണ്ടത്.തിങ്കളാഴ്ച വൈകീട്ടോടെ തന്റെ ജോലികൾ കഴിഞ്ഞ് തങ്കച്ചന്റെ വീട്ടിലെത്തിയതായിരുന്നു ഗോപാലൻ. തങ്കച്ചൻ വിളികേൾക്കാതെ വന്നതോടെയാണ് ഗോപാലൻ തങ്കച്ചന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം കണ്ടത് കാലായിരുന്നുവെന്നും പിന്നീടാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതെന്നും ഗോപാലൻ പറഞ്ഞു.

ഉടൻ വിവരം മറ്റുള്ളവരെ അറിയിച്ചു. കൃത്യം നടന്ന പ്രദേശം കാര്യമായി ആൾത്താമസമില്ലാത്ത ഇടമാണ്. കൊലപാതകം നടന്നശേഷം വിവരം പുറംലോകമറിയാൻ വൈകിയതിന് ഇതുകാരണമായി. കൊലപാതകം നടത്തിയ ശേഷം കൃത്യം മറച്ചുവെയ്ക്കാൻ ബിബിനെ സഹായിച്ചതും ഇതാണ്. പ്ലാസ്റ്റിക് പടുത ഉപയോഗിച്ച് നിർമിച്ചിരുന്ന ഷെഡിനുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തങ്കച്ചൻ ആത്മഹത്യചെയ്യാനുള്ള സാധ്യത പ്രദേശവാസികൾ വിവരം അറിഞ്ഞതേ തള്ളിക്കളഞ്ഞിരുന്നു. കൊലപാതകം നടത്തി മറഞ്ഞിരിക്കുന്നതാരെന്ന ആശങ്കയായിരുന്നു

പ്രദേശവാസികളിൽ ഉണ്ടായിരുന്നത്. പിതാവിന്റെ ജീവൻ കവർന്നത് മകൻ തന്നെയെന്ന് പോലീസ് കണ്ടെത്തിയതോടെ ആശങ്ക ഞെട്ടലിന് വഴിമാറി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ബിബിനെ കൃത്യംനടത്തിയ സ്ഥലത്തെത്തിച്ചിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞ് 24 മണിക്കൂർ പൂർത്തിയാകുംമുമ്പേ പ്രതിയെ കണ്ടെത്താനായത് പോലീസിന് ആശ്വാസമായി.

MALAYORAM NEWS is licensed under CC BY 4.0