ഏറ്റവും അധികം ജനപ്രീതി നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങി ഭാഷകളിൽ വൻ ജനശ്രദ്ധനേടിയ ഷോയുടെ മലയാളം പതിപ്പ് ആരംഭിച്ചിട്ട് ആറ് സീസണുകൾ പിന്നിട്ടു കഴിഞ്ഞു. വിവിധ ഇന്ത്യൻ ഭാഷകളിലായി സൽമാൻ ഖാൻ, കമൽ ഹാസൻ, നാഗാർജുന, മോഹൻലാൽ തുടങ്ങിയ വമ്പൻ താരങ്ങളാണ് അവതാരകരായി എത്തിയിരിക്കുന്നത്. ഇവരെല്ലാവരും അവരുവരുടേതായ താര പദവി അനുസരിച്ചാണ് പ്രതിഫലം വാങ്ങിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ അവസരത്തിൽ ബിഗ് ബോസ് അവതാരകരുടെ പ്രതിഫലവും ജനപ്രീതിയിൽ മുന്നിൽ ആരാണെന്നും നോക്കാം.
ഡെക്കാൻ ക്രോണിക്കിളിന്റെ റിപ്പോർട്ട് പ്രകാരം വിവിധ ഭാഷകളിലെ ബിഗ് ബോസ് ഷോകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അവതാരകൻ സൽമാൻ ഖാൻ ആണ്. ഹിന്ദി ബിഗ് ബോസ് ഷോയുടെ ആദ്യ സീസൺ മുതൽ കഴിഞ്ഞ 16മത്തെ സീസൺ വരെ സൽമാൻ അവതാരകനായി എത്തുന്നുണ്ട്. പതിനാറാമത്തെ സീസണിൽ ഒരു എപ്പിസോഡിന് 43 കോടിയാണ് നടൻ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ബിഗ് ബോസിലെ ഏറ്റവും ജനപ്രീതി നേടിയ അവതാരകനും സൽമാൻ ഖാൻ ആണ്. ആദ്യകാലങ്ങളിൽ 12 കോടിയാണ് ആഴ്ചയിലെ രണ്ട് എപ്പിസോഡുകൾക്കായി സൽമാൻ വാങ്ങിച്ചിരുന്നത്. അവിടുന്ന് ഒരു എപ്പിസോഡിന് 25 കോടി എന്ന നിലയിലും പ്രതിഫലം വാങ്ങിയെന്നും റിപ്പോർട്ടുണ്ട്.
2013ൽ ആയിരുന്നു ബിഗ് ബോസിൻ്റെ കന്നഡ പതിപ്പ് ആരംഭിക്കുന്നത്. 11 സീസണുകളിലായി സുദീപ് സഞ്ജീവാണ് അവതാരകൻ. 5 വർഷത്തേക്ക് മൊത്തം 20 കോടി രൂപ ആയിരുന്നു താരത്തിന്റെ പ്രതിഫലം. പിന്നീട് ഫീസ് ഇനത്തിൽ വർദ്ധനവ് വന്നെന്നും റിപ്പോർട്ടുണ്ട്. തമിഴിൽ കമൽഹാസൻ ആണ് ബിഗ് ബോസ് അവതാരകൻ. 130 കോടി രൂപയ്ക്കാണ് അദ്ദേഹം കരാറിൽ ഒപ്പിട്ടതെന്നാണ് വിവരം.
ഷോയുടെ അവസാന സീസൺ 2022 ൽ സംപ്രേഷണം ചെയ്തു, റിപ്പോർട്ടുകൾ പ്രകാരം, ടോളിവുഡ് സൂപ്പർസ്റ്റാറിന് ഒരു എപ്പിസോഡിന് 12 ലക്ഷം രൂപ പ്രതിഫലം ലഭിച്ചു, ഇത് മുഴുവൻ സീസണിലും മൊത്തം 12 കോടി രൂപയാണ്. ഫ്രാഞ്ചൈസിയുടെ ആറാം സീസൺ അവതാരകനായി നടന് 15 കോടി രൂപ പ്രതിഫലം ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
മഹേഷ് മഞ്ജരേക്കർ ആണ് മറാത്തിയിലെ അവതാരകൻ. സീസൺ മൂന്നിൽ ഒരു എപ്പിസോഡിനായി 25 ലക്ഷം രൂപ ഇദ്ദേഹം വാങ്ങിയെന്നാണ് പറയുന്നത്. മുഴുവൻ സീസണിലും 3.5 കോടി രൂപ എന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. 2018ൽ ആണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്. മോഹൻലാൽ ആണ് അവതാരകൻ. ഷോ പ്രീമിയർ ചെയ്തപ്പോൾ മുഴുവൻ സീസണിലുമായി മോഹൻലാലിന്റെ പ്രതിഫലം 12 കോടി രൂപയാണ്. സമീപകാല സീസണിലെ പ്രതിഫലം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു എപ്പിസോഡിന് 70 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.