ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 29 ജൂൺ 2024 - #NewsHeadlinesToday

• സംസ്ഥാന ജിഎസ്‌ടി ഇന്റലിജന്റ്‌സും എൻഫോഴ്‌സ്‌മെന്റും ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 139.5 കോടി രൂപയുടെ വെട്ടിപ്പ്‌ കണ്ടെത്തി.

• നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രണ്ട് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ഹസാരിബാഗിലെ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും വൈസ് പ്രിന്‍സിപ്പാളിനേയുമാണ് അറസ്റ്റ് ചെയ്തത്.

• കനത്ത മഴയില്‍ മുങ്ങി രാജ്യതലസ്ഥാനം. വെള്ളക്കെട്ടിലും ഗതാഗത കുരുക്കിലും വലഞ്ഞ് ജനം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

• ജൂലൈ ഒന്ന് വിജ്ഞാന ഉത്സവമായി എല്ലാ ക്യാമ്പസുകളിലും സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. 4 വർഷ ഡിഗ്രി കോഴ്‌സുകൾക്കും ജൂലൈ ഒന്നിന് തുടക്കമാകും.

• നീറ്റ്‌, നെറ്റ്‌ ചോദ്യപേപ്പർ കുംഭകോണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനിടെ പുതിയ പരീക്ഷ കലണ്ടർ പ്രഖ്യാപിച്ച്‌ ദേശീയ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ).

• കേരളത്തിൽ റെയിൽവേ മേഖലയിൽ ആദ്യമായി ഓട്ടോമാറ്റിക് സിഗ്നലിങ്‌ സംവിധാനം വരുന്നു. സംസ്ഥാനത്ത്‌ ഏറ്റവും തിരക്കേറിയ എറണാകുളത്തിനും വള്ളത്തോൾ നഗറിനുമിടയിലാണ്‌ പുതിയ സംവിധാനം.

• സംസ്ഥാനത്ത്‌ പച്ചക്കറികൾക്ക്‌ വില കുറഞ്ഞുതുടങ്ങി. ആഴ്‌ചകളായി തുടർന്ന വിലക്കയറ്റത്തിൽ ഇത്‌ ആശ്വാസമായി. തക്കാളി, പച്ചമുളക്‌, മുരിങ്ങയ്‌ക്ക എന്നിവയ്‌ക്കാണ്‌ കൂടുതൽ വില കുറഞ്ഞത്‌.

• വൻനിരക്കുവർധനയുമായി മൊബൈൽ ഫോൺ സേവന ദാതാക്കൾ. റിലയൻസ് ജിയോയും ഭാരതി എയർടെല്ലും നിരക്കുവർധന പ്രഖ്യാപിച്ചു. 10 മുതൽ 25 ശതമാനംവരെയാണ്‌  വർധന. സംസാരസമയമോ ഡാറ്റയോ വർധിപ്പിച്ചിട്ടില്ല.

• 2010 കശ്മീരിനെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ അരുന്ധതി റേയ്, കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഷൗക്കത്ത് ഹുസൈന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയ യുഎപിഎ കേസ് റദ്ദാക്കണമെന്ന് യുഎന്‍ മനുഷ്യവാകാശ സംഘടന.
MALAYORAM NEWS is licensed under CC BY 4.0