പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. രണ്ട് ദിവസം മുമ്പാണ് സംഭവം. തെങ്ങമം സ്വദേശിയുടെ പശുവും കിടാവുമാണ് ചത്തത്. അബദ്ധത്തിൽ അരളി തീറ്റ നൽകിയതാണ് മരണകാരണം. ദഹനപ്രശ്നത്തെ തുടർന്നാണ് പശു മൃഗാശുപത്രിയിൽ എത്തിയത്. മരുന്നുമായി വീട്ടിലെത്തിയ ഉടമയാണ് പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്.
അടുത്ത ദിവസം തള്ള പശുവും ചത്തു. ചക്ക കഴിച്ചതിനെ തുടർന്ന് ദഹനക്കേട് ഉണ്ടായതായി സംശയമുണ്ടായിരുന്നു. സാധാരണ ദഹനപ്രശ്‌നങ്ങൾ മരുന്ന് കഴിച്ചാൽ ശമിക്കും. ഇത്തവണ മരുന്ന് മാറാത്തതിനാൽ പശുവിന് കുത്തിവെപ്പ് നൽകി.
സബ്‌സെൻ്ററിൽ നിന്ന് കുത്തിവെയ്‌പ്പിനായി ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടറാണ് വീടിന് സമീപം അരളി കണ്ടത്. ചത്ത പശുക്കളുടെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ അരളി ചെടിയുടെ ഇലകൾ തിന്നതാണ് മരണകാരണമെന്ന് കണ്ടെത്തി.