മദ്യപാനികള്‍ക്കിനി ആഘോഷരാവ് ; ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ നീക്കം #Kerala_News

 


സംസ്ഥാനത്തെ ആദ്യ ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ നീക്കം. വരുമാനത്തിലുണ്ടായ ഇടിവും ടൂറിസം മേഖലയിലെ തിരിച്ചടിയുമാണ് തീരുമാനത്തിന് പിന്നിലെ കാരണം. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എൽഡിഎഫ് ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. ഡ്രൈ ഡേ പിൻവലിച്ചതിനൊപ്പം മദ്യം കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണ് സർക്കാരിൽ നിന്ന് ലഭിക്കുന്ന സൂചന. മദ്യത്തിൽ നിന്നുള്ള വരുമാനം കുറയുന്നതും ടൂറിസം മേഖലയിലുണ്ടായ തിരിച്ചടിയുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

543 കോടിയുടെ മദ്യമാണ് ക്രിസ്മസ്-പുതുവത്സര കാലയളവിൽ വിറ്റഴിച്ചത്, മദ്യവരുമാനം കുറഞ്ഞുവെന്ന് പറയുമ്പോഴും, ഡിസംബറിൽ 94 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 90 ശതമാനവും ട്രഷറിയിൽ എത്തിയിട്ടുണ്ട്. മദ്യവർജ്ജനമെന്ന നയം ആവർത്തിച്ച് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതുസർക്കാരിന് മദ്യത്തിൽ നിന്നുള്ള ഒരു മാസത്തെ വരുമാനമാണിത്. ടൂറിസം മേഖലയിൽ വൻ തിരിച്ചടിയുണ്ടായെന്നാണ് ഡ്രൈഡേ ഒഴിവാക്കാൻ സർക്കാർ പറയുന്ന ന്യായം. വർഷത്തിൽ 12 ദിവസം മദ്യം വിറ്റില്ലെങ്കിൽ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നും കണക്കുകളുണ്ട്. മാർച്ചിൽ തന്നെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ഡ്രൈ ഡേ ഒഴിവാക്കണമെന്ന നിർദേശം ചർച്ച ചെയ്‌തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള എൽഡിഎഫ് യോഗത്തിൽ ചർച്ചയുണ്ടാകും. ചർച്ചയ്ക്കുശേഷം തീരുമാനം സംബന്ധിച്ച് എക്സൈസ് വകുപ്പിന് നിർദേശം നൽകും.

MALAYORAM NEWS is licensed under CC BY 4.0