ഓസ്‌ട്രേലിയേക്ക് പോകനിരിക്കുന്നവര്‍ക്ക് പണി കിട്ടി ; സ്റ്റുഡൻ്റ് വിസയ്ക്കുള്ള ബാങ്ക് സേവിങ്സ് പരിധി കൂട്ടി ഇരുട്ടടി... #International_News

 


വിദ്യാഭ്യാസത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ ബാങ്ക് സേവിംഗ്സ് പരിധി ഓസ്‌ട്രേലിയ ഉയർത്തും. ഇതോടൊപ്പം രാജ്യത്തെ പല കോളേജുകളും വിദ്യാർത്ഥികളെ വഞ്ചിക്കുന്നതായി ഓസ്‌ട്രേലിയൻ സർക്കാരും മുന്നറിയിപ്പ് നൽകി.

വെള്ളിയാഴ്ച മുതൽ ഓസ്‌ട്രേലിയയിൽ സ്റ്റുഡൻ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ സമ്പാദ്യമായി 29,710 ഓസ്‌ട്രേലിയൻ ഡോളർ കാണിക്കേണ്ടി വരും. ഈ തുക 19576 യുഎസ് ഡോളറിനും 16.34 ലക്ഷം ഇന്ത്യൻ രൂപയ്ക്കും തുല്യമാണ്. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്റ്റുഡൻ്റ് വിസയുമായി ബന്ധപ്പെട്ട ബാങ്ക് സേവിംഗ്സ് പരിധി ഓസ്ട്രേലിയ ഉയർത്തുന്നത്. ഒക്ടോബറിൽ, സേവിംഗ്സ് പരിധി 21,041 ഓസ്‌ട്രേലിയൻ ഡോളറിൽ നിന്ന് 24,505 ആക്കി ഉയർത്തി.

രാജ്യത്തേക്ക് വരുന്ന വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കാനാണ് നീക്കം. 2022-ൽ കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധന വാടക വിപണിയിൽ വളരെയധികം സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി സ്റ്റുഡൻ്റ് വിസയ്ക്കുള്ള ബാങ്ക് സേവിംഗ്സ് പരിധി ഓസ്ട്രേലിയൻ സർക്കാർ ഉയർത്തി.

സ്റ്റുഡൻ്റ് വിസയുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ഭാഷാ നിലവാരം ഓസ്‌ട്രേലിയൻ സർക്കാർ മാർച്ചിൽ ഉയർത്തി. ഇതിന് പുറമെ വിദേശ വിദ്യാർഥികൾ ഓസ്‌ട്രേലിയയിൽ ദീർഘകാലം തങ്ങുന്നത് തടയാനുള്ള നിയന്ത്രണങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്.

അതേസമയം, വ്യാജ റിക്രൂട്ട്‌മെൻ്റുകളും രാജ്യത്ത് നിർബാധം തുടരുകയാണ്. ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള 34 സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കുട്ടികളെ വഞ്ചനാപരമായി റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയാൽ ഈ സംഘടനകൾക്ക് ജയിൽ ശിക്ഷയും സമ്പൂർണ നിരോധനവും നേരിടേണ്ടിവരും.