കേരളത്തില്‍ വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം, മരണ സാധ്യത കൂടുതലുള്ള ഈ രോഗാവസ്ഥ എന്ത്, എങ്ങനെ, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ ഇവിടെ വായിക്കൂ.. #Amoebic_Meningitis

കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ രോഗാവസ്ഥ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ അഞ്ചുവയസുകാരിയെയാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധയോടെ  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിനായിരത്തിൽ ഒരാളില്‍ മാത്രം വളരെ അപൂർവ്വമായി ബാധിക്കുന്ന ഈ രോഗം എന്താണെന്നും എങ്ങനെ ജാഗ്രത പാലിക്കണമെന്നും അറിയേണ്ടത് അതിനാല്‍ തന്നെ പ്രധാനമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വസിക്കുന്ന അമീബ മൂക്കിൻ്റെ നേർത്ത ചർമ്മത്തിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിച്ച് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്നു, ഇത് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നു. ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും ഈ അവധിക്കാലത്ത് ജാഗ്രത അനിവാര്യമാണ്.

 

അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക്ക് മസ്തിഷ്‌ക ജ്വരം


 

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴിയാണ് അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്.

രോഗലക്ഷണങ്ങള്‍

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. കുട്ടികളിലും കൗമാരക്കാരിലും ആണ് പ്രധാനമായും രോഗമുണ്ടാക്കുന്നത്.

ചികിത്സ

ഈ രോഗത്തിന് ഇന്ത്യയില്‍ ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യത ആരോഗ്യ വകുപ്പ് തേടുന്നുണ്ട്.

പ്രതിരോധ നടപടികള്‍

അണുബാധയേറ്റാല്‍ മരണസാധ്യത കൂടുതലാണെന്നതാണ് വലിയ വെല്ലുവിളി. ആഗോളതലത്തില്‍ തന്നെ ഈ രോഗബാധയേറ്റാലുള്ള മരണസാധ്യതാ ശതമാനം നൂറിന് അടുത്താണ്. അതിനാല്‍ രോഗം വരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പ്രധാന പ്രതിരോധ മാര്‍ഗം. കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിലോ നീര്‍ച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം.

 


അവധിക്കാലമായതിനാല്‍ കുട്ടികള്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങുന്നതും വെള്ളത്തില്‍ കളിക്കുന്നതും വ്യാപകമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല..

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0