ഇത് താന്‍ടാ പോലീസ്‌ .. മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് ഫോണും പണവും കവർന്ന 23കാരനെ ഫോണ്‍നമ്പര്‍ ഉപയോഗിച്ച് പൊലീസ് പൊക്കി #Crime_News

 

 ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് യാത്രക്കാരായ  സ്ത്രീകളുടെ മൊബൈൽ ഫോണുകളും പണവും കവർന്ന സംഭവത്തിൽ ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടയിൽ മണി എന്ന സുബ്രഹ്മണ്യനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. തമിഴ്നാട്ടിൽ നിന്ന് ജോലിക്കെത്തിയ മണി കളർകോട് ഭാഗത്തെ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്കാണ് ആദ്യം മോഷ്ടിച്ചത്. മോഷണം പോയ വാഹനം ടൗൺ ചുറ്റി പഴവീട് എത്തിയപ്പോഴാണ് രണ്ടാമത്തെ മോഷണം.

റോഡിലൂടെ നടന്ന ആലപ്പുഴ എ. എൻ പുരം പ്രദീപ് കുമാറിൻ്റെ ഭാര്യ ഗീതയുടെ പണവും രേഖകളുമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. 1800 രൂപയും മൊബൈൽ ഫോണും , എ. ടി.എം കാർഡുമാണ് നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഇതേ ബൈക്കിൽ വെള്ളക്കിണര്‍ ഭാഗത്ത് എത്തിയപ്പോഴാണ് യാത്രക്കാരി റജുലയുടെ ബാഗ് മോഷ്ടിച്ചത്. സ്റ്റേഡിയം വാർഡില്‍ എല്‍. ഐ. സി ഓഫീസിന് സമീപം താമസിക്കുന്ന  ഷാഹുൽ ഹമീദിൻ്റെ ഭാര്യ റജുലയുടെ 1000 രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്. ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം.

ഇരുവരും സൗത്ത് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാണാതായ രണ്ട് ഫോണുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കസ്റ്റംസ് ഏരിയയിലെ ടവർ ലൊക്കേഷൻ കാണിച്ചു. തുടർന്ന് പോലീസ് സംഘം എത്തി 23 കാരനായ മണിയെ അറസ്റ്റ് ചെയ്തു. മോഷണം നടക്കുന്നതിൻ്റെ തലേദിവസം പഴവീട് ഭാഗത്തെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന സ്കൂട്ടറും മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ആലപ്പുഴ സനാതനപുരം വാർഡ് ബിനു ആനന്ദിൻ്റെ ബൈക്കാണ് മോഷണം പോയത്

MALAYORAM NEWS is licensed under CC BY 4.0