മലയാളികള്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഇ.കെ.നായനാരുടെ ഓര്‍മകള്‍ക്ക് ഇരുപത് വർഷം തികയുന്നു. കാലം എത്ര കടന്നുപോയാലും മനസ്സിൽ നിന്നും മായാത്ത ഓർമ്മയാണ് ഇ കെ നായനാർ. കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും ഇതിഹാസമായിരുന്നു ഇ കെ നായനാർ എന്ന ഏറമ്പാല കൃഷ്ണൻ നായനാർ. കേരളത്തെ ഹൃദയത്തോട് ചേർത്തു നിർത്തിയ ജനകീയ നായകൻ. ശ്രദ്ധേയമായ വിമർശനം കൊണ്ടും നർമ്മ സംഭാഷണം കൊണ്ടും അസാമാന്യ വാഗ്മിത്വം കൊണ്ടും മലയാളികളുടെ മനസ്സ് കീഴടക്കിയ ജനനേത.
ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ 1919 ഡിസംബർ 9 ന് കണ്ണൂർ കല്യാശ്ശേരി മൊറാഴയിൽ ഗോവിന്ദൻനമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മകനായി ജനിച്ചു. സ്വാതന്ത്ര്യസമരത്തിൻ്റെ തീച്ചൂളയിൽ ഉരുകിയൊലിച്ച ഇ.കെ.നായനാർ പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുൻനിര നേതാവും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയുമായി. മൊറാഴയിലും കയ്യൂർ സമരത്തിലും മുന്നണി പോരാളിയായി. നായനാർ എന്ന ജനനേതാവിനെ രാഷ്ട്രീയ എതിരാളികൾ പോലും മനസ്സുകൊണ്ട് സ്വീകരിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് നായനാരുടെ ശ്രദ്ധ പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം നവീകരിക്കുന്നതിലായിരുന്നു.
2004 മെയ് 19 ന് നായനാരുടെ വിയോഗം അറിഞ്ഞത് മുതൽ മെയ് 21 ന് പയ്യാമ്പലത്ത് സംസ്‌കരിക്കുന്നത് വരെ കേരളം മുഴുവൻ കണ്ണീരിൽ കുതിർന്നിരുന്നു. ഇ കെ നായനാരെ കേരളം എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്നതിൻ്റെ തെളിവായിരുന്നു വികാരനിർഭരമായ വിടവാങ്ങൽ. അദ്ദേഹത്തിൻ്റെ 20-ാം ചരമവാർഷികത്തിലും സഖാവ് ഇ കെ നായനാർ ജനമനസ്സുകളിൽ ജ്വലിക്കുന്നു.