കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീം പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.
കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പ്രതി കുട്ടിയെ വയലിൽ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. പുലർച്ചെ മുത്തച്ഛൻ പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് വീടിന് ഒരു കിലോമീറ്റർ അകലെ ഞാണിക്കടവ് വയൽ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. മുഖം മറച്ചെത്തിയ മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടി പറഞ്ഞിരുന്നത്.
മുൻവശത്തെ വാതിലിലൂടെ എത്തിയ പ്രതി അടുക്കള വാതിലൂടെയാണ് കുട്ടിയെ കടത്തിയത്. കുട്ടിയുടെ സ്വർണക്കമ്മൽ നഷ്ടപ്പെട്ടിരുന്നു. കുട്ടിയെ കണ്ണിനും കഴുത്തിനും പരുക്കേറ്റ നിലയിലായിരുന്നു സമീപത്തെ വയലിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
14 വർഷം മുൻപാണ് സലീം കുടകിൽ നിന്ന് കാസർഗോഡ് എത്തിയത്. 2002 ജൂണിൽ ബന്ധുവായ പെൺകുട്ടിയെ സ്‌കൂട്ടറിൽ ആദൂർ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. കേസിൽ റിമാൻഡിലായി മൂന്ന് മാസത്തോളം ജയിലിലായിരുന്നു സലീം. ഇയാൾക്കെതിരെ കർണാടകയിലെ കുടക്, സുള്ള്യ സ്റ്റേഷനുകളിലും പിടിച്ചുപറി, മോഷണ കേസുകൾ ഉണ്ട്.