സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ...#Keralanews


 വയനാട് സുഗന്ധഗിരി മരം മുറിച്ച കേസിൽ സർക്കാർ നടപടി. ഡിഎഫ്ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. ഡിഎഫ്ഒ എം ഷജ്‌ന കരീം, ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി.
ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരങ്ങൾ മുറിക്കാൻ നൽകിയ പെർമിറ്റിൻ്റെ മറവിൽ 126 മരങ്ങൾ മുറിച്ചെന്നാണ് കേസ്. മുപ്പതോളം ജീവനക്കാർ 24 മണിക്കൂറും നിരീക്ഷണത്തിലുള്ള മേഖലയിലാണ് നാശം. ഭൂരഹിതരായ ആദിവാസികൾക്ക് 5 ഏക്കർ വീതം നൽകാനുപയോഗിച്ച 1086 ഹെക്ടറിലാണ് സുഗന്ധഗിരിയിൽ മരം കൊള്ള നടന്നത്. വനം കൊള്ളയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നു, മേൽനോട്ട ചുമതലകളിൽ വീഴ്ച വരുത്തി, മരംവെട്ടുന്നവരെ പരിശോധിച്ചില്ല, ആദ്യം കർശന നടപടി സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥർ മരംവെട്ടുകാരിൽ നിന്ന് പണം കൈപ്പറ്റിയതായി എപിസിസിഎഫ് കണ്ടെത്തി.

വീട്ടുചെടികൾ ഉൾപ്പെടെയുള്ള സംരക്ഷിത മരങ്ങൾ മുറിച്ചവയിൽ ഉൾപ്പെടുന്നില്ല. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ ആറ് പ്രതികളാണുള്ളത്. മരത്തടികൾ കണ്ടെടുക്കാൻ കഴിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, വാച്ചർ, സുഗന്ധഗിരി സ്വദേശി ബാലൻ എന്നിവരെയും സസ്പെൻഡ് ചെയ്തു.

MALAYORAM NEWS is licensed under CC BY 4.0