ആരോഗ്യ ഇൻഷുറൻസിന് ഇനി പ്രായപരിധിയില്ല.... #Healthinsurance



 ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ ആരോഗ്യ ഇൻഷുറൻസിനുള്ള പ്രായപരിധി എടുത്തുകളഞ്ഞു. ഇതോടെ 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ, വയോജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.
നേരത്തെ ഇൻഷുറൻസ് കമ്പനികൾ 65 വയസ്സിന് താഴെയുള്ളവർക്ക് മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നത്. എന്നാൽ ഏപ്രിൽ ഒന്നിന് പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുകളഞ്ഞു. IRDAI പുറത്തിറക്കിയ കുറിപ്പ് അനുസരിച്ച്, ഇൻഷുറൻസ് കമ്പനികൾ മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കണം, കൂടാതെ നിലവിലുള്ള മെഡിക്കൽ അവസ്ഥകൾക്ക് ഇൻഷുറൻസ് പരിരക്ഷയും നൽകണം.

പ്രായപരിധി കുറച്ചതിന് പുറമെ ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. നിലവിലുള്ള മെഡിക്കൽ അവസ്ഥ പരിരക്ഷയ്ക്കുള്ള കാത്തിരിപ്പ് കാലയളവ് 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചു.

ആരോഗ്യ ഇൻഷുറൻസിൻ്റെ ഉയർന്ന പ്രായപരിധി എടുത്തുകളഞ്ഞത് ഇൻഷുറൻസ് മേഖലയ്ക്ക് ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ. പുറത്തുവിട്ട കണക്കുകൾ പ്രകാരം നോൺ-ലൈഫ് വ്യവസായത്തിൽ ആരോഗ്യ സംരക്ഷണ മേഖലയുടെ പങ്ക് 38% ആണ്. 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷത്തേക്കാൾ 4% വളർച്ചയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിലെ വളർച്ചാ നിരക്ക് 20% ആണ്

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0