വോട്ടെടുപ്പ് ദിനത്തിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി ... #ElectionNews

 
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്‌ട് പരിധിയിൽ അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മദ്യശാലകൾ അടഞ്ഞുകിടക്കും. ബുധനാഴ്ച (ഏപ്രില്‍ 24) വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച (ഏപ്രില്‍ 26) വൈകിട്ട് 6 മണി വരെയാണ് മദ്യവിൽപനശാലകളും ബാറുകളും ബിയർ പാർലറുകളും അടച്ചിടുന്നത്. റീപോളിംഗ് നടക്കുന്ന സ്ഥലങ്ങളിൽ മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല. വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിന് മദ്യശാലകള്‍ അടച്ചിടും.

കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ്. കർണാടകയിൽ 14 മണ്ഡലങ്ങളും രാജസ്ഥാനിൽ 13 മണ്ഡലങ്ങളുമാണ് രണ്ടാം ഘട്ടത്തിൽ. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും എട്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തിൽ മണിപ്പൂരിലെ കലാപബാധിത പ്രദേശത്തെ ശേഷിക്കുന്ന ബൂത്തുകളിൽ വിധി എഴുതും.