തിരഞ്ഞെടുപ്പിനോട് അനുഭാവം പ്രകടമാക്കി സിനിമാ ലോകവും,
ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും മലയാള സിനിമാ താരങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ അതാത് മണ്ഡലങ്ങളിലെത്തി. പുതു തലമുറയിലെ നടീനടൻമാർ ഉൾപ്പടെ വോട്ട് ചെയ്യുവാനെതിയത് പൊതുജനങ്ങൾക്കും ആവേശമായി. മമ്മൂട്ടി, ഫാസിൽ, ലാൽ ജോസ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ശ്രീനിവാസൻ, അന്ന രാജൻ, അഹാന കൃഷ്ണ, ആസിഫ് അലി, അഷ്‌കർ അലി തുടങ്ങിയവരാണ് വോട്ട് ചെയ്യാൻ എത്തിയത്.
ആലപ്പുഴ സെൻ്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലാണ് ഫാസിലും ഫഹദ് ഫാസിലും വോട്ട് ചെയ്യാനെത്തിയത്. ശ്രീനിവാസൻ ഉദയംപേരൂർ കണ്ടനാട് സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. നടന്മാരായ ആസിഫ് അലിയും അഷ്‌കർ അലിയും തൊടുപുഴ കമ്പംകല്ല് എൽപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.
രാജ്യത്ത് മെച്ചപ്പെട്ട രാഷ്ട്രീയ സാഹചര്യം ഉണ്ടാകുമെന്നും ജനങ്ങൾക്ക് നല്ലതും ജനാധിപത്യത്തിന് ഗുണകരവുമായ വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും ആസിഫ് അലി പ്രതികരിച്ചു. രാജ്യത്തിൻ്റെ വികസനത്തിന് വേണ്ടിയാണ് താൻ വോട്ട് ചെയ്തതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഏറെ നാളുകൾക്ക് ശേഷമാണ് താൻ ആലപ്പുഴയിലെത്തി വോട്ട് രേഖപ്പെടുത്തിയതെന്ന് കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പറഞ്ഞു. അന്ന രാജൻ ശ്രീലങ്കയിൽ നിന്നാണ് വോട്ട് ചെയ്യാനെത്തിയത്.