‘ആദ്യം റിപ്പോർട്ട് വരട്ടെ’: മേയറുടെ വാക്കു മാത്രം കേട്ട് നടപടിക്കില്ലെന്ന് മന്ത്രി ഗണേഷ്, ഡ്രൈവറെ പിന്തുണച്ചു

സിപിഎമ്മിൻ്റെ സമ്മർദം അവഗണിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വകുപ്പിൻ്റെ റിപ്പോർട്ടും ലഭിക്കുന്നതുവരെ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയില്ലെന്ന നിലപാടിലാണ് മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പോലും ഡ്രൈവർക്കെതിരെ ഒരക്ഷരം മിണ്ടിയില്ല. ഇതേ തുടർന്ന് സച്ചിൻ ദേവ് എംഎൽഎ ഇന്ന് മന്ത്രിയോട് നേരിട്ട് പരാതി നൽകും.
പോലീസും വിജിലൻസും നൽകുന്ന റിപ്പോർട്ടിൽ സത്യമുണ്ടെങ്കിൽ മാത്രമേ ഡ്രൈവർ യദുവിനെതിരായ വകുപ്പുതല നടപടി നീതിയുടെ പക്ഷത്താകൂ, മേയറും എംഎൽഎയും എതിർ പക്ഷത്താണെന്നും കരുതി പാവം  ഡ്രൈവറെ പിരിച്ചുവിടാൻ കഴിയില്ലെന്നുമാണ് ഗണേഷ് കുമാറിൻ്റെ നിലപാട്. കെഎസ്ആർടിസിയിലെ പ്രമുഖ ഭരണ യൂണിയനുകളും ഡ്രൈവർ യദുവിന് പിന്തുണയുമായി രംഗത്തെത്തിയെങ്കിലും അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേയർക്കെതിരായ രാഷ്ട്രീയ നീക്കമാണിതെന്നാണ് സിപിഎം നേതാക്കളുടെ വാദം.
ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരം കെഎസ്ആർടിസി വിജിലൻസ് വിഭാഗം സംഭവത്തിൻ്റെ ദൃക്‌സാക്ഷികളുമായി സംസാരിച്ചു. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് റിസർവേഷനിൽ യാത്ര ചെയ്തവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കെഎസ്ആർടിസിയിൽ നിന്ന് ബസ് ടിക്കറ്റ് എടുത്തവരുടെ ഫോൺ നമ്പർ ശേഖരിച്ചു. ബസിലെ കണ്ടക്ടറും ഡ്രൈവർക്ക് അനുകൂലമായി മൊഴി നൽകി
MALAYORAM NEWS is licensed under CC BY 4.0