58-ാം വയസിൽ സുനിത വില്ല്യംസ് മൂന്നാം ബഹിരാകാശ യാത്രയ്ക്കുള്ള ഒരുക്കത്തിൽ ... #NASA


 പതിനെട്ട് വർഷം മുമ്പ്, 40 വയസ്സുള്ളപ്പോൾ, ഇന്ത്യൻ വംശജയായ സുനിത വില്യംസ് തൻ്റെ ആദ്യത്തെ ബഹിരാകാശ യാത്ര നടത്തി. ഇപ്പോഴിതാ 58-ാം വയസ്സിൽ തൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് സുനിത വില്യംസ്.ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ പ്രഥമ മനുഷ്യദൗത്യത്തിലാണ് സുനിത വില്യംസ് ഇടം നേടിയിരിക്കുന്നത്. 


രണ്ട് ബഹിരാകാശ ദൗത്യങ്ങളിലായി 322 ദിവസമാണ് സുനിത വില്യംസ് ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചത്. ആദ്യ യാത്ര 2006-ൽ ആയിരുന്നു. രണ്ടാമത്തെ യാത്ര 2012-ലായിരുന്നു. ഇപ്പോഴിതാ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ ആദ്യ പരീക്ഷണയാത്രയിലും ഇടം നേടിയിരിക്കുന്നു. അടുത്ത മാസം, മെയ് 6 ന്, സുനിത വില്യംസ് ഫ്ലോറിഡയിലെ കേപ് കനാവറൽ ലോഞ്ച് പാഡിൽ നിന്ന് തൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്ര ആരംഭിക്കും.

ബോയിങ്ങിൻ്റെ സിഎസ്ടി-100 സ്റ്റാർലൈനർ ബഹിരാകാശ പേടകം യാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. യുണൈറ്റഡ് ലോഞ്ച് അലയൻസിൻ്റെ അറ്റ്ലസ് 5 റോക്കറ്റിലാണ് പേടകം ബഹിരാകാശത്തേക്ക് കുതിക്കുക. സുനിതയ്‌ക്കൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറും ഉണ്ട്. ഇത് ഒരാഴ്ചയോളം ഇന്റർനാഷണൽ ബഹിരാകാശ നിലയത്തിൽ തുടരും. ഈ പരീക്ഷണ പറക്കലിൻ്റെ വിജയത്തിന് ശേഷം,ഇന്റർനാഷണൽ ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിൻ്റെ ഭാഗമായി ബോയിംഗ് സ്റ്റാർലൈനറിന് നാസ സാക്ഷ്യപ്പെടുത്തും.