എസ്എംഎ ടൈപ് -1 ബാധിച്ച് ഖത്തറിൽ മലയാളികളുടെ പിഞ്ചുകുഞ്ഞ്; സഹായിക്കാൻ കൈകോർക്കാം ... #SMAdisease

 


എസ്എംഎ ടൈപ്പ്-1 രോഗം ബാധിച്ച ഖത്തറിലെ മലയാളി ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ പ്രവാസി സമൂഹം കൈകോർക്കുന്നു. നാല് മാസം പ്രായമുള്ള മകൾ മൽക്ക റൂഹിയുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ 11,654,028.75 ഖത്തർ റിയാൽ (20 കോടിയിലധികം ഇന്ത്യൻ രൂപ) ആവശ്യമാണ്. ഇത്രയും ഭീമമായ തുക കണ്ടെത്താൻ ഖത്തർ ചാരിറ്റി പ്രത്യേക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കാമ്പയിനുമായി പരമാവധി സഹകരിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് ഖത്തർ ചാരിറ്റി ഖത്തർ ചാരിറ്റി ഡോണർ സർവീസസ് ഡയറക്ടർ ഖാലിദ് അബ്ദുല്ല അൽ യാഫി അഭ്യർഥിച്ചു.

മൽക്ക റൂഹിക്ക് എത്രയും വേഗം ഈ തുക കണ്ടെത്തുന്നതിനായി ഖത്തർ ചാരിറ്റിയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളും ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും ഖത്തർ ചാരിറ്റി പ്രതിനിധികളും പങ്കെടുത്തു.

ചികിത്സക്കാവശ്യമായ തുക പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നതിനുള്ള വിവിധ കർമപദ്ധതികൾ യോഗം ചർച്ച ചെയ്തു. നിലവിൽ, ഖത്തർ ചാരിറ്റി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവിധ രീതികൾ ഉപയോഗിച്ച് ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ വഴിയോ ഖത്തർ ചാരിറ്റി മൊബൈൽ ആപ്പ് വഴിയോ സംഭാവനകൾ നൽകാം. 206863 എന്ന റഫറൻസ് നമ്പർ നൽകിയാണ് തുക കൈമാറേണ്ടത്. ഖത്തറിലെ വിവിധ ഷോപ്പിംഗ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഖത്തർ ചാരിറ്റി കളക്ഷൻ കൗണ്ടറുകൾ വഴി നേരിട്ട് പണ കൈമാറ്റം നടത്തുന്നു. മുകളിൽ നൽകിയിരിക്കുന്ന റഫറൻസ് നമ്പർ നൽകിയാൽ ഏത് ചെറിയ തുകയും ഇത്തരത്തിൽ നേരിട്ട് ട്രാൻസ്ഫർ ചെയ്യാം. ഇന്ത്യയിൽ നിന്നുള്ളവർക്ക് സഹായം എത്തിക്കാൻ ഉടൻ സംവിധാനം ഏർപ്പെടുത്തിയേക്കും. ഇതാദ്യമായാണ് ഒരു മലയാളി കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഖത്തർ ചാരിറ്റി ഇത്രയും വിപുലമായ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഖത്തർ ചാരിറ്റി ഡോണർ സർവീസസ് ഡയറക്ടർ ഖാലിദ് അബ്ദുല്ല അൽ യാഫി, ഖത്തർ ചാരിറ്റി ഐടി വിഭാഗം മാനേജർ ഹംദി ഷിഹാബ്, ഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐഎസ്‌സി പ്രസിഡൻ്റ് ഇ.പി. അബ്ദുൾ റഹിമാൻ, കെ.എം.സി.സി വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഈസ, ഇൻകാസ് വൈസ് പ്രസിഡൻ്റ് താജുദ്ദീൻ, പ്രവാസി വെൽഫെയർ സിഐസി ജനറൽ സെക്രട്ടറി ഷബീർ, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ക്ലബ് പ്രസിഡൻ്റ് സൈബു ജോർജ്, എൻജിനീയേഴ്‌സ് ഫോറം പ്രസിഡൻ്റ് നിബു ജോസ് തുടങ്ങിയവർ പങ്കെടുത്തു.

MALAYORAM NEWS is licensed under CC BY 4.0