കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും തട്ടിപ്പ് ; പുതിയ ബസ്സുകള്‍, ആര്‍ഭാടമായ വിവാഹം.. വെളിപ്പെടുന്നത് 'യുവ ബിസിനസ്സുകാരന്റെ' വിസാ തട്ടിപ്പ് പൊയ് മുഖം #kannurVisaFraud

ആലക്കോട് : വിസതട്ടിപ്പ് - വഞ്ചനാ കേസില്‍ പോലീസ് അന്വേഷണം നേരിടുന്ന വിരുതന്‍ നാട്ടില്‍ അറിയപ്പെടുന്നത് യുവ ബിസിനസ്സുകാരന്‍ എന്ന നിലയില്‍. കഴിഞ്ഞ ഏതാനും നാളുകള്‍ക്ക് ഉളില്‍ മാത്രം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും മലയോര മേഖലയിലേക്ക് ലാഭത്തിലും നഷ്ടത്തിലും ഉള്ളതായ പല ബസ് പെര്‍മിറ്റുകളും ഏറ്റെടുക്കുകയും പുതിയ ബസ്സുകള്‍ ഉള്‍പ്പടെ നിരത്തില്‍ ഇറക്കുകയും ചെയ്ത ചോവേലിക്കുടിയില്‍ സൂരജ് എന്ന ജോസഫിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. നാട്ടില്‍ വ്യത്യസ്തങ്ങളായ ബിസിനസ്സിലൂടെ ലാഭം ഇരട്ടിചെന്ന മട്ടില്‍ പ്രചരണം നടത്തുകയും ചെയ്ത ഇയാളുടെ സോഷ്യല്‍ മീഡിയ അകൌണ്ടില്‍ അഡ്വക്കറ്റ് സൂരജ് എന്നാണ് നല്‍കിയിരിക്കുന്നത്.


മാസങ്ങളോളം പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നു പോയ ഇയാളുടെ ആര്‍ഭാട വിവാഹവും വാര്‍ത്തയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് വ്യവസായി എന്നാ മുഖം മൂടി അഴിഞ്ഞു വീണത്‌. മംഗളൂരു ആസ്ഥാനമായി യുകെ ഇന്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ നവ മാധ്യമങ്ങള്‍ വഴി വലിയ പ്രചരണം നല്‍കി വിസ തട്ടിപ്പ് നടത്തിയ ഇയാളുടെ മുഖം മൂടി അഴിഞ്ഞു വീണത് കാസര്‍ഗോഡ്‌ സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്കിയതോടെയായിരുന്നു. 72 ലധികം പേരില്‍ നിന്ന് പതിനഞ്ചു മുതല്‍ പതിനാറ് ലക്ഷം രൂപ വരെ കൈപ്പറ്റി വിസ നല്‍കാതെ വഞ്ചിക്കുകയായിരുന്നു ഇയാള്‍ ചെയ്തത് എന്നാണു പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാന സ്വഭാവമുള്ള പരാതികള്‍ ഉയര്‍ന്നു വന്നപ്പോള്‍ സ്ഥാപനത്തിലെ പങ്കാളികളാണ് പറ്റിച്ചത് എന്ന രീതിയില്‍ കഥകള്‍ ഇറക്കി കൈമലര്‍ത്തുകയാണ് ഇയള്‍ചെയ്തത്. എന്നാല്‍ അപ്പോഴും പുതിയ ബസ്സുകള്‍ വാങ്ങുന്നതിന് യാതൊരു മുടക്കവും ഉണ്ടായിട്ടില്ല എന്നാണു പരാതിക്കാര്‍ ചൂണ്ടി കാണിക്കുന്നത്. നേരിട്ട് പരാതി നല്‍കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഒരു യുവജന സംഘടനയുടെ സഹായത്തോടെ കേസുമായി മുന്നോട്ട് പോകും എന്ന ഘട്ടം വന്നപ്പോഴാണ് തട്ടിപ്പില്‍ അകപ്പെട്ട ഇരകളുടെ ഒരു യോഗം ഓണ്‍ലൈന്‍ ആയി വിളിച്ച് അടുത്ത മാസം ആദ്യ ആഴ്ച മുഴുവന്‍ തുകയും നല്‍കാം എന്ന രീതിയില്‍ സംസാരിച്ചത് എന്നും പരാതിക്കാര്‍ പറയുന്ന.

മാത്രമല്ല ഈ കേസില്‍ ഇടപെട്ടതിനാല്‍ യുവജന സംഘടനയുടെ നേതാവും വാര്‍ഡ്‌ മെമ്പറുമായ വ്യക്തിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണവും ആരംഭിച്ചിരുന്നു. ഈ വിഷയത്തില്‍ വാര്‍ഡ്‌ മെമ്പറുടെ പരാതിയില്‍ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്. വിസ തട്ടിപ്പില്‍ വഞ്ചന കുറ്റം ചുമത്തി കേസ് നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ ഇരുന്നാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് എന്ന് പാര്തിക്കാര്‍ പറയുന്നു. പറഞ്ഞ അവധിയില്‍ പണം നല്‍കുവാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ ഇരകള്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് പരാതിക്കാര്‍ പറയുന്നു.