ദേശീയ മെഡിക്കൽ കമ്മിഷന്റെ ലോഗോ മാറ്റിയതിൽ വിമർശനം. ലോഗോയിൽ നിന്ന് അശോകസ്തംഭം നീക്കി, പുതിയ ലോഗോയിൽ ഹിന്ദു ദേവതയായ ധന്വന്തരിയുടെ ചിത്രമുണ്ട്. 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നും ചേർത്തു. ഇന്ത്യയുടെ പേരിലുള്ള കേന്ദ്രസർക്കാരിന്റെ മാറ്റത്തിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് മെഡിക്കൽ കമ്മിഷന്റെ ലോഗോയിൽ മാറ്റം.
ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്‌സൈറ്റിന്റെ ലോഗോയിൽ ധന്വന്തരിയും ഭാരതും എല്ലാം ഇടംപിടിച്ചിട്ടുണ്ട്. ലോഗോയുടെ മധ്യത്തിൽ, ഹിന്ദു ദേവതയായ ധന്വന്തരിയുടെ വർണ്ണ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. നാഷണൽ മെഡിക്കൽ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് പകരം നാഷണൽ മെഡിക്കൽ കമ്മീഷൻ ഓഫ് ഇന്ത്യ നിലവിൽ വന്നു.
ലോഗോ മാറ്റത്തിനെതിരെ ആരോഗ്യമേഖലയിൽ നിന്നുൾപ്പെടെ വ്യാപക വിമർശനമാണ് ഉയരുന്നത്. ആരോഗ്യരംഗത്ത് സുപ്രധാന തീരുമാനങ്ങളെടുക്കുന്ന കമ്മീഷൻ മതനിരപേക്ഷമായും പുരോഗമനപരമായും പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന വാദം സജീവമാകുന്നതിനിടെയാണ് കമ്മിഷന്റെ ലോഗോയിൽ പേരുമാറ്റം. എന്നാൽ മാറ്റത്തെക്കുറിച്ചുള്ള മെഡിക്കൽ കമ്മിഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വർഷം മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങിൽ ചൊല്ലിയ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കി ഇന്ത്യൻ പാരമ്പര്യം അനുശാസിക്കുന്ന ‘മഹർഷി ചരക് സഫത്ത്’ നടപ്പാക്കണമെന്ന കമ്മിഷന്റെ ശുപാർശയും വിവാദമായിരുന്നു.