കുസാറ്റ് അപകടം : മരിച്ചവരെ തിരിച്ചറിഞ്ഞു, കൂടുതൽ പേർ ഗുരുതരാവസ്ഥയിൽ.. #CUSATAccident

എറണാകുളം : കളമശ്ശേരി കുസാറ്റ് കാമ്പസിലെ സ്കൂൾ ഓഫ് എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു.  മരിച്ച മൂന്ന് പേരും കുസാറ്റിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്.  രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി എറണാകുളം കുത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവർ സ്വദേശി ആൻ റുഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരാണ് മരിച്ചത്.  മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.  മരിച്ചവരിൽ ഒരാളെ തിരിച്ചറിയാൻ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടില്ല.  പുറത്തുനിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തതിനാൽ സ്ഥലത്തെത്തിയവരിൽ ആരെങ്കിലുമാണോയെന്ന് പരിശോധിച്ചുവരികയാണ്.
  അതേ സമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്.  രണ്ട് പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും രണ്ട് പേർ ആസ്‌റ്റർ മെഡിസിയിലും ഗുരുതരാവസ്ഥയിലാണ്.  നിലവിൽ 72 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.  നിലവിൽ 44 പേരാണ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.  15 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.  നിസാര പരിക്കുകളോടെ വിദ്യാർഥികളും മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.  ഇതുമൂലം പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.

കുസാറ്റിലെ എഞ്ചിനീയറിംഗ് കോളേജിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  ത്രിദിന ടെക് ഫെസ്റ്റിന്റെ ഭാഗമായി നികിത ഗാന്ധിയുടെ ഗാനാലാപനത്തിന്റെ അവസാന ദിവസമായിരുന്നു അപകടം.  ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.  പെട്ടെന്ന് മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിന് അകത്തും പുറത്തും ആളുകൾ ഓടിയെത്തി.  ഇതാണ് ദാരുണമായ അപകടത്തിന് കാരണമായത്.  തിക്കിലും തിരക്കിലും പെട്ട് കുട്ടികൾക്ക് പരിക്കേറ്റു.  ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഒരാൾ മരിച്ചു.  മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തി അധികം വൈകാതെ മരിച്ചു.  മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.