വെടിക്കെട്ട് നിരോധനത്തിന് ഭാഗികമായ സ്റ്റേ, നിബന്ധനകളും നിയന്ത്രണങ്ങളും തുടരും.. #CourtNews

വെടിക്കെട്ട് നിരോധനം ഭാഗികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. രാത്രി 10 മുതൽ രാവിലെ ആറുവരെയാണ് നിരോധനാജ്ഞയെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് ഓരോ ക്ഷേത്രത്തിലെയും ആചാരാനുഷ്ഠാനങ്ങൾ പരിഗണിച്ച് സർക്കാരിന് ഇളവ് നൽകാമെന്നും ഉത്തരവിട്ടു.
 ആരാധനാലയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് റെയ്ഡ് നടത്തി പിടിച്ചെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.  സുപ്രീം കോടതി വിധിയെ തുടർന്ന് തൃശൂർ പൂരം നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിരുന്നു.  പടക്ക നിരോധനത്തിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

 രാത്രി 10 മുതൽ രാവിലെ 6 വരെ വെടിക്കെട്ടിന് സുപ്രീം കോടതി നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.  വെടിക്കെട്ട് സംബന്ധിച്ച ക്ഷേത്രങ്ങളുടെ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുമ്പോൾ സുപ്രീം കോടതി ഉത്തരവ് പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

  എതിർകക്ഷികളെല്ലാം സിംഗിൾ ബെഞ്ചിന് മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.  മരട് കരിമരുന്നുമായി ബന്ധപ്പെട്ട ഹർജിയിൽ സിംഗിൾ ബെഞ്ച് പൊതു ഉത്തരവിറക്കിയിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 വെടിക്കെട്ടിന് എന്തെങ്കിലും മാർഗരേഖയുണ്ടോയെന്ന് വാദം കേൾക്കുന്നതിനിടെ ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു.  പടക്ക നിരോധനത്തെ സർക്കാർ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിനോട് കോടതി ചോദിച്ചു.  മാർഗനിർദേശങ്ങൾ 2005 മുതൽ നിലവിലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.