ഉമ്മൻചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതിന് മാധ്യമങ്ങളുടെയും യു.ഡി.എഫിന്റെയും നാടകം പൊളിയുന്നു. കോട്ടയം കൈതേപ്പാലം മൃഗാശുപത്രിയിലെ തൂപ്പുകാരി സതിയമ്മ (52)യെയാണ് കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിരിച്ചുവിട്ടത്. എന്നാൽ കാലാവധി കഴിഞ്ഞെന്ന വസ്തുത മറച്ചുവെച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വ്യാജവാർത്ത പ്രചരിപ്പിച്ച യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും ശ്രമം സത്യം പുറത്തുവന്നതോടെ പൊളിഞ്ഞിരിക്കുകയാണ്.
സതിയമ്മയുടെ കാലാവധി കഴിഞ്ഞിട്ടും ആൾമാറാട്ടം തുടർന്നു. വ്യാജപേരിൽ പ്രവർത്തിക്കുന്ന വ്യക്തിക്ക് വേണ്ടി മാധ്യമങ്ങൾ എൽഡിഎഫിനെതിരെ തെറ്റായ പ്രചാരണം നടത്തിയെന്നും വാർത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററിൽ പാർട് ടൈം സ്വീപ്പറായി താൽക്കാലിക ജോലി നോക്കുകയായിരുന്നു സതിയമ്മ. ഉമ്മൻചാണ്ടിക്ക് അനുകൂലമായി ചാനലിൽ സംസാരിച്ചതിനാണ് ഇവരെ പുറത്താക്കിയതെന്നായിരുന്നു മാധ്യമ വാർത്ത. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ജിജിമോൾ എന്ന വ്യക്തി സ്വീപ്പറായി ജോലി നോക്കുന്നതായി രേഖകൾ വ്യക്തമാക്കുന്നു.
5 ദിവസം മുമ്പ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ ലിജിമോൾക്ക് പകരം സത്യമ്മയാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. എന്നാൽ ഉമ്മൻചാണ്ടിയെ പിന്തുണച്ചതിന്റെ പേരിൽ സർക്കാർ പ്രതികാര നടപടി സ്വീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
യഥാർത്ഥ രേഖകൾ പുറത്ത് വന്നിട്ടും തെറ്റ് തിരുത്താൻ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സർക്കാറിനെതിരെ മാധ്യമങ്ങളുടെ കള്ളപ്രചാരണം വീണ്ടും വെളിച്ചത്തായിരിക്കുകയാണ്.