തൃശൂരിൽ കൊച്ചുമകൻ വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്നു. തൃശൂർ വടക്കേടത്ത് വൈലത്തൂരിലാണ് ദാരുണമായ സംഭവം. മാനസികാരോഗ്യ ചികിത്സയിലായിരുന്ന കൊച്ചുമകനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വടക്കേതാട് സ്വദേശി അബ്ദുള്ളക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് മരിച്ചത്. ഇവരുടെ പേരക്കുട്ടി അക്മൽ (27) ആണ് പ്രതി. കഴിഞ്ഞ ദിവസമാണ് തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പേരക്കുട്ടിയെ വീട്ടിലെത്തിച്ചത്. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയാണ് താമസിക്കുന്നത്.
അക്മലിന്റെ ഉമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.