പടിഞ്ഞാറൻ മെക്സിക്കൻ സംസ്ഥാനമായ ജാലിസ്കോയിലെ മലയിടുക്കിൽ നിന്ന് മനുഷ്യ ശരീരഭാഗങ്ങൾ അടങ്ങിയ 45 ബാഗുകൾ കണ്ടെത്തി. കഴിഞ്ഞയാഴ്ച കാണാതായ ഏഴു പേർക്കായി നടത്തിയ തിരച്ചിലിലാണ് ബാഗുകൾ കണ്ടെടുത്തതെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
മെയ് 20 മുതൽ കാണാതായ 30 വയസ് പ്രായമുള്ള രണ്ട് സ്ത്രീകൾക്കും അഞ്ച് പുരുഷന്മാർക്കുമായി അധികൃതർ തിരച്ചിൽ ആരംഭിച്ചിരുന്നു. ബാഗുകൾ കണ്ടെത്തിയ തോട്ടിന് സമീപമാണ് ഇവർ ജോലി ചെയ്തിരുന്ന കോൾ സെന്റർ. എന്നാൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ ഇവരുടേതാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കോള് സെന്ററില് നിയമവിരുദ്ധ പ്രവര് ത്തനങ്ങള് നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കാണാതായവരെ ക്രിമിനൽ കുറ്റമാക്കാനാണ് അധികൃതരുടെ ശ്രമമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സമീപ വർഷങ്ങളിൽ, ജാലിസ്കോയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ബാഗുകളിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. 2021ൽ ജാലിസ്കോയിലെ ടോണലയിൽ 11 പേരുടെ അവശിഷ്ടങ്ങൾ അടങ്ങിയ 70 ബാഗുകളും 2019ൽ 119 ബാഗുകളിലായി 29 പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. 2006 ഡിസംബർ മുതൽ മെക്സിക്കോയിൽ 3,40,000-ത്തിലധികം കൊലപാതകങ്ങളും 1,00,000-ത്തോളം തിരോധാനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.