#Medicine_Price_Hike : രോഗികളെയും വെറുതേ വിടില്ല ; രാജ്യത്ത് ഏപ്രിൽ ഒന്ന് മുതൽ അവശ്യമരുന്നുകളുടെ വില കൂടുന്നു..

ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില വൻതോതിൽ വർധിക്കും.  ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ 10 മുതൽ 12 ശതമാനം വരെ വില വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.  കഴിഞ്ഞ രണ്ട് വർഷത്തിനിടെ 23 ശതമാനം വില വർധനവാണിത്.

  പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, കൊളസ്ട്രോൾ തുടങ്ങി വിവിധ ജീവിതശൈലീ രോഗങ്ങളുള്ളവരെയാണ് വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുക.  പല രോഗങ്ങൾക്കും പലരും ദിവസവും മരുന്ന് കഴിക്കാറുണ്ട്.  കൂടാതെ, ക്യാൻസർ മരുന്നുകൾ, വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അലർജി മരുന്നുകൾ, നാഡി മരുന്നുകൾ എന്നിവയ്‌ക്കെല്ലാം ഏപ്രിൽ ഒന്നിന് ശേഷം വില കൂടും.
ഇത് ചികിത്സ ചെലവ് വർധിപ്പിച്ചേക്കാം.  കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് മരുന്നു കമ്പനികൾക്ക് വില കൂട്ടാൻ അനുമതി നൽകിയത്.

  കേന്ദ്ര സർക്കാരിന്റെ കണക്കുപ്രകാരം മൊത്തവില സൂചിക 12.12 ശതമാനമാണെന്നതാണ് എൻപിപിഎയുടെ ന്യായം.  കഴിഞ്ഞ വർഷം പത്തു ശതമാനത്തിലേറെയായിരുന്നു വിലവർധന.  അതായത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ മരുന്നുകളുടെ വിലയിൽ 23 ശതമാനം വർധനയുണ്ടായി.  ഇതാദ്യമായാണ് ഇത്രയും വലിയ വിലവർധന നടപ്പാക്കുന്നത്.