#CoViD19_Death : കോവിഡ് പുതുവർഷത്തിൽ 10 ലക്ഷം ജനങ്ങളുടെ ജീവനെടുക്കും, പഠന റിപ്പോർട് പുറത്ത്.

2023ൽ ചൈനയിൽ 10 ലക്ഷത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിക്കുമെന്ന് പഠന റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷൻ ആണ് ഇത്തരമൊരു കണക്ക് പ്രവചിച്ചിരിക്കുന്നത്.  കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ അതിവേഗം പിൻവലിച്ചതാണ് ചൈനയെ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് നയിക്കുന്നതെന്ന് അമേരിക്കൻ സംഘടന പറയുന്നു.
  2023 ഏപ്രിൽ 1 ഓടെ, ചൈനയിലെ സജീവ കേസുകളുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തും.  ആ സമയത്ത് മരണസംഖ്യ 322,000 ആകുമെന്നാണ് പ്രവചനം.  അടുത്ത വർഷം ഏപ്രിലിൽ ചൈനയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെയും കോവിഡ് -19 ബാധിക്കുമെന്ന് ഐഎച്ച്എംഇ ഡയറക്ടർ ക്രിസ്റ്റഫർ മുറൈ പറഞ്ഞു.
  കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം രോഗം മൂലമുള്ള മരണങ്ങളൊന്നും ചൈന ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  ഡിസംബർ 3 നാണ് രാജ്യത്ത് അവസാനമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ചൈനയിൽ 5,235 പേർ പകർച്ചവ്യാധി മൂലം മരിച്ചതായി ചൈനയുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
  വൻ ജനകീയ പ്രതിഷേധത്തെത്തുടർന്ന് ഡിസംബറിൽ ചൈന കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നീക്കി.  എന്നാൽ അതിനുശേഷം രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചുവരികയാണ്.