വെരിഫൈഡ് അക്കൗണ്ടുകൾക്ക് നിരക്ക് ഈടാക്കാൻ തീരുമാനിക്കുന്നതായി ട്വിറ്റർ, വെരിഫൈഡ് അകൗണ്ടുകളുടെ മുദ്രയായ ബ്ലൂ ടിക്കുകൾക്ക് പ്രതിമാസം 8 ഡോളർ ഈടാക്കുമെന്ന് ട്വിറ്ററിന്റെ പുതിയ മേധാവി എലോൺ മസ്‌ക് പ്രഖ്യാപിച്ചു. ബ്ലൂ-ടിക്ക് വരിക്കാർക്ക് മുൻഗണന ലഭിക്കുമെന്നും ദൈർഘ്യമേറിയ വീഡിയോകളും ഓഡിയോകളും പോസ്റ്റ് ചെയ്യാൻ കഴിയുമെന്നും മസ്‌ക് പറഞ്ഞു.
ബ്ലൂ ടിക്കിന് 20 ഡോളർ ഈടാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ നിരക്ക് കുറച്ചു. അതേസമയം, അടുത്തിടെ നടത്തിയ ഒരു സർവേയിൽ, 80 ശതമാനം ട്വിറ്റർ ഉപയോക്താക്കളും ബ്ലൂ ടിക്കിന് പണം നൽകില്ലെന്ന് പറഞ്ഞു. എന്നിരുന്നാലും, 10 ശതമാനം പേർ പ്രതിമാസം 5 ഡോളർ നൽകാൻ തയ്യാറാണെന്ന് പറഞ്ഞു.
കഴിഞ്ഞയാഴ്ച 44 ബില്യൺ ഡോളറിന് എലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയിരുന്നു. ട്വിറ്റർ ഏറ്റെടുത്ത ശേഷം വെരിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ കഴിഞ്ഞ വർഷം ജൂണിൽ അവതരിപ്പിച്ചിരുന്നു.