#Babiya_Crocodile : അനന്തപുരം ക്ഷേത്രക്കുളത്തിൽ ബബിയ മുതലയ്ക്ക് വിട

കാസർഗോഡ് : ക്ഷേത്രഭക്ഷണം കഴിച്ച് അമ്പലക്കുളത്തിൽ ജീവിച്ചിരുന്ന കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുതല ബബിയക്ക് യാത്രയയപ്പ് നല്കി. ബബിയയോടുള്ള സ്‌നേഹ സൂചകമായി മൃതദേഹം പൊതുദർശനത്തിന് വച്ചു. ഞായറാഴ്ച രാത്രി 10.30 ടെയാണ് ബബിയ മരിച്ചത്.

  അനന്തപുരം ക്ഷേത്രത്തിലെ പ്രധാന ആകർഷണമായിരുന്നു ബബിയ. ഏകദേശം 77 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്നു. പടച്ചോറു കൊടുക്കാൻ പുരോഹിതൻ പേരു വിളിക്കുമ്പോൾ ബബിയ എത്തിയിരുന്ന കാഴ്ച കൗതുക കരമായിരുന്നു.

1945-ൽ ഒരു ബ്രിട്ടീഷ് പട്ടാളക്കാരൻ ക്ഷേത്രത്തിലെ മുതലയെ വെടിവച്ചു കൊന്നതിന് ശേഷം ബബിയ ഈ ക്ഷേത്രക്കുളത്തിൽ എത്തി. ഇതോടെ ക്ഷേത്രത്തിലെത്തുന്നവരുടെ പ്രധാന ആകർഷണമായി ബബിയ മാറി.

  തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവസ്ഥാനം അനന്തപുരം ക്ഷേത്രമാണെന്നാണ് വിശ്വാസം. ബബിയയെ ദർശിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമായിട്ടാണ് ഭക്തർ കരുതിയിരുന്നത്.

  പൊതുദർശനത്തിന് ശേഷം ബബിയയുടെ മൃതദേഹം ക്ഷേത്രവളപ്പിൽ സംസ്കരിച്ചു. ബബിയയോടുള്ള ആദരസൂചകമായി ക്ഷേത്രാങ്കണം ഉച്ച വരെ അടച്ചിട്ടിരിന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മാത്രമാണ് നട തുറന്നത്.