ONAM GIFT : ഓണത്തിന് ഒറ്റക്ലിക്കിൽ ഉറ്റവർക്ക് സ്നേഹ സമ്മാനം നൽകാം, അതും നല്ല മലയാള തനിമയുള്ള ഓണ സമ്മാനങ്ങൾ. കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് ഒരുക്കുന്ന ഓൺലൈൻ സേവനത്തെ കുറിച്ച് അറിയാം...

ലോകത്തെവിടെനിന്നും ഒറ്റ ക്ലിക്കിൽ,  ഉറ്റവർക്ക് ഓണസമ്മാനം വീട്ടിലെത്തും. കൈത്തറി-കരകൗശലരംഗത്തെ ആയിരങ്ങൾക്ക് ഓണത്തിനൊരു കൈത്താങ്ങായി ‘ഗിഫ്റ്റ് എ  ട്രഡീഷൻ' ആരംഭിച്ചു. ഓണ സമ്മാനമായി കരകൗശല വസ്തുക്കളും കൈത്തറി തുണിതരങ്ങളും വാങ്ങുവാനും ഉറ്റവർക്ക് അയച്ചുകൊടുക്കാനും ഉള്ള സൗകര്യങ്ങളാണ് കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് ഒരുക്കിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം : 

സുഹൃത്തേ,
വീണ്ടും ഓണം വരികയായി. കേരള ടൂറിസം സംരംഭം ‘കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്’ (KACV) എല്ലാവർക്കും സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ പൊന്നോണം ആശംസിക്കുന്നു.

ഏതു മഹാദുരിതത്തിനും മീതെ വെന്നിക്കൊടി പാറിക്കാൻ കേരളീയരെ പ്രാപ്തരാക്കുന്ന പ്രതീക്ഷയുടെയും ഐക്യത്തിന്റെയും സമത്വബോധത്തിന്റെയും മഹത്തായ പൈതൃകമാണ് ഓണം. ലോകത്തെയാകെ ബാധിച്ച കോവിഡ് എന്ന മഹാമാരികാരണം കഴിഞ്ഞ രണ്ട് ഓണത്തിനു പലർക്കും നാട്ടിലെത്താനും ഉറ്റവർക്ക് ഓണസമ്മാനങ്ങൾ നല്കാനും അവർക്കൊപ്പം ഓണമുണ്ണാനും കഴിഞ്ഞില്ല. ഈ ഓണത്തിന് എല്ലാവർക്കും നാട്ടിൽ എത്താൻ കഴിയട്ടെ! അതാണ് ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസ.

ഇക്കുറിയും നാട്ടിൽ ഓണം കൂടാൻ കഴിയാത്ത സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ആ സങ്കടം ഒട്ടെങ്കിലും കുറയ്ക്കാൻ ഞങ്ങൾ ഒരുക്കുന്ന സ്നേഹപ്പൊന്നോണപദ്ധതിയാണ് ‘ഗിഫ്റ്റ് എ ട്രഡിഷൻ’. ഉറ്റവർക്കു നിങ്ങളുടെ സ്നേഹസന്ദേശത്തോടൊപ്പം ഓണക്കോടിയും ഓണസമ്മാനങ്ങളും ഞങ്ങൾ എത്തിച്ചുനല്കും. കേരളത്തനിമയോടെ നാട്ടിലെ കൈത്തറിയിൽ നെയ്ത പുടവകളും കേരളീയപൈതൃകം തുളുമ്പുന്ന സ്നേഹോപഹാരങ്ങളും നിങ്ങളുടെ ഓണാശംസയോടെ കമനീയമായ സമ്മാനപ്പെട്ടിയിലാക്കി എത്തിച്ചുകൊടുക്കാനുള്ള പദ്ധതിയാണിത്. നിങ്ങൾ നേരിട്ട് ഓണക്കോടി സമ്മാനിക്കുന്നതിന്റെ ഊഷ്മളത പകരുന്ന അനുഭവമാണു സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നത്. നാട്ടിൽ പോകുന്നവർക്ക് തനി കേരളീയമായ ഈ സമ്മാനങ്ങൾ സ്വന്തം വിലാസത്തിൽ വരുത്തി നാട്ടിലെത്തി ഉറ്റവർക്കു നേരിട്ടു സമാനിക്കുകയും ആകാം.

ഓണത്തിന് ഒരു സത്ക്കർമ്മം‌കൂടി ചെയ്യാനുള്ള അവസരമാണിത്. ഒരു സമ്മാനപ്പെട്ടിക്ക് ഓർഡർ നല്കുമ്പോൾ തൊഴിലില്ലാതെ വിഷമിക്കുന്ന നമ്മുടെ നെയ്ത്തുകാരുടെയും കരകൗശലവിദഗ്ദ്ധരുടെയും ആയിരക്കണക്കിനു കുടുംബങ്ങളിൽ കുറഞ്ഞത് രണ്ടോമൂന്നോ കുടുംബത്തിനെങ്കിലും നിറവയറോണം സമ്മാനിക്കാൻ കഴിയുന്നു എന്നതാണത്. രണ്ടു മഹാപ്രളയങ്ങൾ നാമാവശേഷമാക്കിയ ചേന്ദമംഗലം കേരളകൈത്തറിയുടെ കേന്ദ്രമാണ്. കുത്താമ്പുള്ളിയും ബാലരാമപുരവും കണ്ണൂരും അടക്കം എല്ലാ കൈത്തറികേന്ദ്രങ്ങളിലും വസ്ത്രങ്ങളും അസംസ്കൃതവസ്തുക്കളും തറികളും നെയ്ത്തുപകരണങ്ങളുമെല്ലാം പ്രളയത്തിൽ നശിച്ചു. അതിൽനിന്ന് ഒരുവിധം കരകയറാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു കോവിഡ് മഹാമാരിയുടെ താണ്ഡവം. അതു നീങ്ങിത്തുടങ്ങിയെങ്കിലും നാട്ടിലേതടക്കമുള്ള ടൂറിസം ഇനിയും പഴയപടി ആയിട്ടില്ലാത്തതിനാൽ ഈ വിഭാഗം ഇപ്പോഴും ദുരിതത്തിലാണ്. രാജ്യത്തെ പൊതുവിൽ ബാധിച്ചിരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതവും ഗണ്യമായുണ്ട്.

ഇതിനെല്ലാം നടുവിൽ ഇടനിലക്കാരെ ഒഴിവാക്കി കരകൗശല-കൈത്തൊഴിലുകാരുടെ ഉത്പന്നങ്ങൾക്കു മെച്ചപ്പെട്ട വിപണിയും വിലയും നേടിക്കൊടുക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് ‘ഗിഫ്റ്റ് എ ട്രഡിഷൻ’. കേരളസർക്കാരിന്റെ ടൂറിസം വകുപ്പിനുകീഴിൽ കോവളത്തു പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജാണ് ഈ സ്നേഹപ്പൊന്നോണപദ്ധതി ഒരുക്കുന്നത്.

ക്രാഫ്റ്റ് വില്ലേജിന്റെ www.kacvkovalam.com എന്ന വെബ്‌സൈറ്റിലൂടെ സമ്മാനപ്പെട്ടികള്‍ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാം. സൈറ്റിലൂടെത്തന്നെ പണവും അടയ്ക്കാം. സ്നേഹസന്ദേശത്തോടൊപ്പം സമ്മാനപ്പെട്ടി ഇന്ത്യയില്‍ എവിടെയുമുള്ള പ്രിയപ്പെട്ടവര്‍ക്ക് എത്തിച്ചേരും. 1,499 മുതൽ 29,999 വരെ രൂപ വിലയ്ക്കുള്ള സമ്മാനപ്പെട്ടികളുണ്ട്. പ്രീമിയം വിഭാഗത്തിൽ മൂന്നും മറ്റു വിഭാഗത്തിൽ ആറും ഗിഫ്റ്റ് ബോക്സുകളുണ്ട്. വിതരണച്ചെലവ് അടക്കമാണു വില. സെപ്റ്റംബർ 1 വരെ ഓർഡർ നല്കാം.

മുണ്ടിനൊപ്പം ഉരുളി, പറ, നിലവിളക്ക് എന്നിവയിൽ ഒന്നു തെരഞ്ഞെടുക്കാവുന്ന 1,499 രൂപയുടെ പെട്ടി മുതല്‍ ഗിഫ്റ്റ് ബോക്സുകള്‍ ആരംഭിക്കുന്നു. കുട്ടികൾക്കു സമ്മാനിക്കാൻ കുട്ടിമുണ്ട്, ആനശില്‍പ്പം, പമ്പരവും ബോൾ ഗെയിമും യോയോയും ഉൾപ്പെടുന്ന കളിപ്പാട്ടങ്ങള്‍ എന്നിവയടങ്ങുന്ന ‘കുട്ടിസമ്മാനപ്പെട്ടി’യും ഉണ്ട്.  2,250 രൂപയാണു വില. കളിപ്പാട്ടങ്ങൾക്കെല്ലാം സുരക്ഷിതനിറങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.

പ്രീമിയം ഗിഫ്റ്റ് ബോക്‌സില്‍ 29,999, 24,999, 19,999 രൂപവീതം വിലയുള്ള മൂന്നിനം പെട്ടികളുണ്ട്. മുണ്ട്, കൈത്തറിസാരി, സെറ്റുമുണ്ട്, കാല്‍പ്പെട്ടി, ഉരുളി, ആറന്മുളക്കണ്ണാടി, കേരളത്തിന്റെ മാതൃകയിലെ സുഗന്ധവ്യഞ്ജനപ്പെട്ടി എന്നിവയാണ് 29,999 രൂപയുടെ സമ്മാനപ്പെട്ടിയിലുള്ളത്. കാല്‍പ്പെട്ടിക്കു പകരം ആമാടപ്പെട്ടിയാണ് 19,999 രൂപയുടെ സമ്മാനപ്പെട്ടിയിൽ. ആറന്മുളക്കണ്ണാടി, ബേപ്പൂര്‍ ഉരുവിന്റെ മാതൃക, ആമാടപ്പെട്ടി, ആനയുടെ ദാരുശില്‍പ്പം, തൊണ്ടും ചിരട്ടയും കൊമ്പും കൊണ്ടുമുള്ള ക്രാഫ്റ്റ് രൂപങ്ങള്‍, സംഗീതോപകരണം, കേരളത്തിന്റെ മാതൃകയിലെ സുഗന്ധവ്യഞ്ജനപ്പെട്ടി എന്നിവ അടങ്ങുന്നതാണ് 24,999 രൂപയുടെ സമ്മാനപ്പെട്ടി.

തൊഴിലും അന്തസുറ്റ ജീവിതവും ജനങ്ങൾക്കു പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 98 കൊല്ലമായി പ്രവർത്തിച്ചുവരുന്ന, തൊഴിലാളികളുടെതന്നെ സഹകരണസംഘമായ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് സർക്കാരിനുവേണ്ടി ഈ കരകൗശലകലാഗ്രാമം നിർമ്മിച്ചു നടത്തുന്നത്. അതുകൊണ്ടുതന്നെ, ലാഭേച്ഛയോടുകൂടിയ പ്രവർത്തനമല്ല, മറിച്ച് കരകൗശല-കൈത്തൊഴിൽ മേഖലയിലുള്ളവർക്കു അന്തസുറ്റ ജീവിതം ഉറപ്പാക്കാനുള്ള സംരംഭമാണിത്. 

താങ്കൾ തീർച്ചയായും ഈ അവസരം പ്രയോജനപ്പെടുത്തും എന്നുതന്നെ ഞങ്ങൾ പ്രത്യാശിക്കുന്നു.

സസ്നേഹാദരം,
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (KACV)
(ഒരു കേരളസർക്കാർ ടൂറിസം വകുപ്പ് സംരംഭം)
കോവളം, തിരുവനന്തപുരം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0