ജനപ്രിയ മെസേജിംഗ് സേവനമായ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഇനി സബ്സ്ക്രിപ്ഷന്‍ ചാര്‍ജ്ജ് നല്‍കേണ്ടി വന്നേക്കും. ഫെയ്‌സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള ആപ്പ് വില്‍ക്കുന്ന കാര്യം കമ്പനി പരിഗണിക്കുകയാണെന്ന് ടെക് മാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെയ്സ്ബുക് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വാട്സാപ് വില്‍ക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. ഷോര്‍ട്ട് വീഡിയോ സേവനമായ ടിക്ടോക്കിന്റെ ആഗോള മുന്നേറ്റവും കമ്പനിക്ക് ഭീഷണിയായിട്ടുണ്ട്. വാട്‌സ്ആപ്പില്‍ നിന്നുള്ള വരുമാനവും കുത്തനെ കുറയുന്നതും കമ്പനിയെ ആശങ്കയിലാക്കിയിട്ടുണ്ട്. 2014ല്‍ 1900 കോടി ഡോളറിനാണ് കമ്പനി വാട്‌സ്ആപ്പ് സ്വന്തമാക്കിയത്. ഏറ്റെടുത്തിട്ട് എട്ട് വര്‍ഷം പിന്നിട്ടിട്ടും വാട്‌സ്ആപ്പിനെ ലാഭത്തിലാക്കാന്‍ ഫെയ്‌സ്ബുക്കിന് സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് സേവനമായി 2009ല്‍ തുടങ്ങിയ വാട്‌സ്ആപ്പ് തുടക്കത്തില്‍ മാസവരി ഏര്‍പ്പെടുത്തിയിരുന്നു. മാസത്തില്‍ 150 രൂപയോളം ആയിരുന്നു നല്‍കേണ്ടിയിരുന്നത്. ആപ്പില്‍ പരസ്യങ്ങള്‍ വേണ്ടെന്ന നിലപാടിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.
ഫെയ്‌സ്ബുക്ക് ഏറ്റെടുത്തപ്പോളും പരസ്യം നല്‍കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു എന്നാല്‍ 2020ല്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറി. പകരം ബിസിനസ് വേര്‍ഷനുകള്‍ അവതരിപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. മെറ്റാ കമ്പനിയില്‍നിന്ന് വാട്സാപ് മാത്രമല്ല ഇന്‍സ്റ്റഗ്രാമും വിറ്റഴിപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതു കമ്പനി ഏറ്റെടുത്താലും ഉപയോഗത്തിന് വരിസംഖ്യ ഏര്‍പ്പെടുത്താന്‍ തന്നെയാണ് സാധ്യത. വരിസംഖ്യ ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യ പോലെ കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യങ്ങളില്‍ എത്ര പേര്‍ തുടര്‍ന്നും വാട്‌സ്ആപ്പ് സേവനങ്ങള്‍ ഉപയോഗിക്കുമെന്ന് കണ്ടറിയണം.