Cyclone At Bay of Bangal : ചക്രവാത ചുഴി : അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ, ഓറഞ്ച് അലർട്ട്.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് കേരളത്തില്‍ മഴ ശക്തി പ്രാപിച്ചത്. ഇന്ന് (31 ജൂലൈ 2022) മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ കേരളാ തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.

നാളെ കോട്ടയം, ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.