ഒന്നാം വർഷ ഹയർ സെക്കന്ററി പ്രവേശനം ജൂലൈ ആദ്യവാരം. യോഗ്യരായ എല്ലാവർക്കും പഠന സൗകര്യം. സീറ്റുകൾ വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ എന്ന് വിദ്യാഭ്യാസ വകുപ്പ്. Higher Secondary Admission Process To Start By July First Week.


തിരുവനന്തപുരം : പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യവാരം ആരംഭിക്കും.  സിബിഎസ്ഇ വിദ്യാർഥികൾക്കും തുല്യ അവസരങ്ങൾ നൽകുന്ന തരത്തിലായിരിക്കും പ്രവേശന ഷെഡ്യൂൾ തയ്യാറാക്കുക.  ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂൺ 21ന് പ്രഖ്യാപിക്കും. ശേഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് പദ്ധതി രൂപീകരിക്കും.
 യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വണ്ണിന് പ്രവേശനം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.  കഴിഞ്ഞ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം കൂടിയതോടെ ബാച്ചുകൾ പുനഃസംഘടിപ്പിക്കേണ്ടിവന്നു.  ഈ വർഷം 4,23,303 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി.  3,61,307 പ്ലസ് വൺ സീറ്റുകളാണ് ഇപ്പോൾ ഉള്ളത്.  വിഎച്ച്എസ്ഇയിൽ 33,000 സീറ്റുകളും ഐടിഐയിൽ 64,000 സീറ്റുകളും പോളിടെക്നിക് കോളജുകളിൽ 9000 സീറ്റുകളും ലഭ്യമാണ്.

 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പത്താംക്ലാസ് പാസായ വിദ്യാർഥികളേക്കാൾ കൂടുതൽ പ്ലസ് വൺ സീറ്റുകൾ ലഭ്യം. കഴിഞ്ഞ വർഷം 33,150 സീറ്റുകൾ താൽക്കാലികമായി വർധിപ്പിക്കേണ്ടിവന്നു.  .  മുൻവർഷങ്ങളിൽ 20 ശതമാനത്തോളം സീറ്റുകൾ വർധിപ്പിച്ചിരുന്നു.
MALAYORAM NEWS is licensed under CC BY 4.0