Kaviyor Ponnama എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kaviyor Ponnama എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന്... #Obit

 


അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സിനിമാ താരങ്ങൾ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ ഇന്നലെ വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞ മേയ് മാസത്തിൽ ആണ് പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയിൽ തന്നെ സ്റ്റേജ് 4 കാൻസർ ആണ് കണ്ടെത്തിയത്. സെപ്തംബർ 3 ന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ചിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.

14 വയസ് മുതൽ 79 വയസ് വരെ നീളുന്ന അസാധ്യമായ കലാസപര്യയ്ക്കാണ് കവിയൂർ പൊന്നമ്മ വിട പറയുമ്പോൾ തിരശീല വീഴുന്നത്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്‌സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്.

ആ വാൽസല്യച്ചിരി മാഞ്ഞു; കവിയൂർ പൊന്നമ്മ ഇനി ഓർമ... #Obituary

അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. േമഘതീർഥം എന്ന ചിത്രം നിർമിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്. സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം (യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിൽ പ്രഫസർ).

പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ഇളയ ആറു സഹോദരങ്ങൾ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോൾ കവിയൂരിൽനിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്കു താമസം മാറി. അച്ഛനിൽനിന്നു പകർന്നുകിട്ടിയ സംഗീതതാൽപര്യത്താൽ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം.

പന്ത്രണ്ടു വയസ്സുള്ളപ്പോൾ, സംഗീതസംവിധായകൻ ജി.ദേവരാജൻ നാടകത്തിൽ പാടാനായി പൊന്നമ്മയെ ക്ഷണിച്ചു. തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് അതേ നാടകത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്താൽ നായികയാകേണ്ടിവന്നു. പിന്നെ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആർട്സ്ക്ളബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

പതിനാലാം വയസ്സിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. മെറിലാൻഡിന്റെ ‘ശ്രീരാമപട്ടാഭിഷേക’ത്തിൽ മണ്ഡോദരിയുടെ വേഷമായിരുന്നു. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മവഷത്തിൽ അഭിനിയിച്ചത്. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ സത്യൻ, മധു എന്നിവരുടെ അമ്മവേഷമായിരുന്നു. പിന്നീട് നെഗറ്റീവ് വേഷങ്ങളടക്കം ആയിരത്തോളം സിനിമകളിൽ‌ അഭിനയിച്ചു. പി.എൻ.മേനോൻ, വിൻസെന്റ്, എം.ടി.വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ്.സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ, മോഹൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരിൽ മിക്കവരുടെയും സിനിമകളിൽ അഭിനയിച്ചു. അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, തീർഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. എട്ടോളം സിനിമകളിൽ പാടിയിട്ടുണ്ട്. ഇരുപത്തഞ്ചിലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0