പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം #PilatharaAccident

Post Image
പിലാത്തറയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ മണ്ടൂർ പള്ളിക്ക് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാരത്‌ബെന്‍സ് ഷോറൂമിലെ ജീവനക്കാരായ കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശി എബനൈസർ ആന്റോ (24), പാലക്കാട് സ്വദേശിയും ട്രെയിനിയുമായ മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

റോഡരികിൽ തകരാറിലായി നിർത്തിയിട്ടിരുന്ന തടികയറ്റിയ ലോറിയിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ബൾക്കർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. തകരാറിലായ തടിലോറി കഴിഞ്ഞ രണ്ട് ദിവസമായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഭാരത് ബെൻസിന്റെ മെക്കാനിക്കുമാർ വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

ഏകദേശം 50 ടൺ സിമന്റ് കയറ്റിവന്ന കോൺക്രീറ്റ് സിമന്റ് ബൾക്കറാണ് നിയന്ത്രണം വിട്ട് തടിലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മുഹമ്മദ് ഷെബിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറിയിൽ കുടുങ്ങിക്കിടന്ന എബനൈസർ ആന്റോയുടെ മൃതദേഹം തീപിടിത്തത്തിൽ പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു.

വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. അതിവേഗം പടർന്ന തീ നിയന്ത്രണവിധേയമാക്കിയ ശേഷം ലോറിയിൽ കുടുങ്ങിക്കിടന്ന ആളെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്.


Hashtags: #Pilathara #LorryAccident #KeralaAccident #Kannur #RoadSafety #FireAccident #Tragedy #MalayalamNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0