കള്ളാടി മണ്ണിടിച്ചിൽ: ഏഴാമത്തെ മൃതദേഹം കണ്ടെത്തി; ഇനി ഒരാൾക്കായി തിരച്ചിൽ ഊർജിതം #KalladiLandslide

Post Image
കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. സർവേയറായിരുന്ന പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്നാപൂർ സ്വദേശി രാകേഷ് ഗുച്ചൈത്തിന്റെ (24) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇനി ഒരാളെ മാത്രമാണ് ദുരന്തസ്ഥലത്ത് നിന്ന് കണ്ടെത്താനുള്ളത്.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ രാകേഷിന്റെ മൃതദേഹം എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ദിലീപ് ബിൽഡ്കോൺ കമ്പനി കൺസ്ട്രക്ഷൻ മാനേജരായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയെയാണ് ഇനി കണ്ടെത്താനുള്ളത്.

തുരങ്കപാത നിർമ്മാണ കമ്പനി ജീവനക്കാരായ ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ (എൻജിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപ്പറേറ്റർ), ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി (സർവേയർ) എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. ഓപ്പറേറ്റർ ചന്ദ്രബാൻ (മധ്യപ്രദേശ്), സിവിൽ ഫോർമാൻ ബികാഷ് കുമാർ, അൻചന്ദ്ര ബാൻ (ഝാർഖണ്ഡ്) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ചയും ലഭിച്ചിരുന്നു.

കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങൾ, അഗ്നി-രക്ഷാസേനാംഗങ്ങൾ, പൊലീസ്, സിവിൽ ഡിഫൻസ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ സംയുക്തമായി തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. സ്നിഫർ, കഡാവർ നായകളുടെ സേവനവും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.


Hashtags: #കള്ളാടിമണ്ണിടിച്ചിൽ #KalladiLandslide #വയനാട്ദുരന്തം #WayanadDisaster #ദുരന്തനിവാരണം #RescueOperations #MalayoramNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0