'ജനനായകൻ' പ്രതിസന്ധി മാറി; വിജയ് ചിത്രത്തിന് സെൻസർ അനുമതി, 12 രംഗങ്ങൾ വെട്ടിമാറ്റാൻ നിർദേശം #JanaNayakan

Post Image
തമിഴ് സൂപ്പർതാരം വിജയിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'ജനനായകന്' ഏഴ് മാസത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചു. ഈ വർഷം ജനുവരി 9-ന് പൊങ്കലിനോട് അനുബന്ധിച്ച് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസമാണ് 'എ' സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി ലഭിച്ചത്. 3 മണിക്കൂർ 3 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ, തിയേറ്റർ റിലീസിന് മുൻപ് 12 കട്ടുകൾ നിർദേശിച്ചതായാണ് പുറത്തുവരുന്ന വിവരം.

ഡോക്ടർ ബി.ആർ. അംബേദ്കർ ഒരു പുസ്തകത്തിന്റെ കവർചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന സീനിൽ മാറ്റം വരുത്താൻ സെൻസർ ബോർഡ് നിർദേശിച്ചു. കൂടാതെ, ഓഡിയോയിലും വീഡിയോയിലും വരുന്ന ടി.വി.കെ. പരാമർശങ്ങൾ, വിവാദപരമായ സംഭാഷണങ്ങൾ, ഇന്ത്യൻ ദേശീയപതാക വരുന്ന ദൃശ്യം, സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ചുള്ള പരാമർശങ്ങൾ, കുട്ടിയെ ദ്രോഹിക്കുന്ന രംഗങ്ങൾ, എവിടെയെല്ലാം ‘ഷീല റാണി’ എന്ന പേര് വരുന്നുണ്ടോ അവിടെനിന്നെല്ലാം അത് മാറ്റാനുള്ള നിർദേശങ്ങളും വെട്ടിമാറ്റിയ രംഗങ്ങളിൽ ഉൾപ്പെടുന്നു. ആകെ 20 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ നീക്കം ചെയ്യാനും 10 സെക്കൻഡിന്റെ ദൃശ്യങ്ങൾ മാറ്റിസ്ഥാപിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച്. വിനോദാണ്. വിജയിയോടൊപ്പം പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. താരസമ്പന്നമായ ഈ ചിത്രം ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

ഏറെ നാളുകൾക്ക് മുൻപ് സെൻസറിംഗിന് സമർപ്പിച്ച ചിത്രത്തിന് വിവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇപ്പോൾ പ്രദർശനാനുമതി ലഭിച്ചിരിക്കുന്നത്. ഈ മാറ്റങ്ങൾക്കൊടുവിലും ചിത്രത്തിന്റെ ആകെ ദൈർഘ്യം 3 മണിക്കൂർ 3 മിനിറ്റ് തന്നെയായിരിക്കും. നിലവിൽ തീയേറ്റർ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, ജൂലൈ അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Hashtags: #JanaNayakan #Vijay #Kollywood #HVinoth #PoojaHegde #MamithaBaiju #BobbyDeol #MalayoramNews #FilmNews #CensorBoard #TamilCinema
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0