ആലപ്പുഴ:കായംകുളത്തെ യുവതിയുടെ മരണകാരണം പാമ്പുകടിയേറ്റ് തന്നെയാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ട്. ശരീരത്തിനുള്ളിലും വിഷ സാന്നിധ്യമുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ചേരാവള്ളി സ്വദേശി വടക്കേ തേപ്പിൽ സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. കൊറ്റുകുളങ്ങരയിൽ ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. മക്കൾക്കൊപ്പം വാഹനം പാർക്ക് ചെയ്ത് ഇറങ്ങുന്നതിനിടെ കാലിൽ എന്തോ കടിച്ചതായി അനുഭവപ്പെടുകയായിരുന്നു. സെലീനയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സെലീനയുടെ ശരീരത്തിൽ പാമ്പുകടിയേറ്റ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നായിരുന്നു കായംകുളം താലൂക്ക് ആശുപത്രി അധികൃതരുടെ വാദം. എന്തോ കടിച്ചു എന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിയത്. പാമ്പുകടിയേറ്റതിൻ്റെ വ്യക്തമായ ലക്ഷണങ്ങളില്ലാതെ ആൻറിവെനം സാധ്യമല്ലെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയുടെ വാദം തള്ളുന്നതാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ.
Death of Kayamkulam housewife confirmed as snake bite presence of venom found in body

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.