ചികിത്സാ പിഴവ്; വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ മന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി #Alappuzha


ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. അഞ്ച് വർഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശി ഉഷാ ജോസഫിൻ്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.

ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായാണ് അഞ്ച് വർഷം മുമ്പ് ഉഷാ ജോസഫിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ നേതൃത്വത്തിലുള്ള യുണിറ്റ് ആണ്‌ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രികയുള്ള വിവരം പുറത്തുവന്നത്.

ശസ്ത്രക്രിയാ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം കൃത്യമായ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറാനാണ് മന്ത്രിയുടെ കർശന നിർദ്ദേശം. സംഭവത്തിൽ മെഡിക്കൽ ഓഫീസർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് റിപ്പോർട്ട് ലഭിച്ച ശേഷം വ്യക്തമാകും.

ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി കൊവിഡ് സമയത്താണ് ഉഷ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് 2021 മെയ് 5 ന് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ നടത്തി. രണ്ടുദിവസത്തിനുശേഷം ആശുപത്രിയിൽ നിന്ന് മടങ്ങി. ശസ്ത്രക്രിയക്കുശേഷം കഠിനമായ വയറുവേദനയും മറ്റ് അസ്വസ്ഥതകളും തുടങ്ങി. വയറുവേദന അനുഭവപ്പെടുമ്പോൾ ആശുപത്രികളിൽ പോയി ചികിത്സ തേടിയിരുന്നു. പല മരുന്നുകളും കഴിച്ചെങ്കിലും വേദന മാറിയില്ല. തുടർന്ന് വേദന കാരണം വീണ്ടും മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയക്കുകയായിരുന്നു. മൂത്രത്തിൽ കല്ലാണെന്ന് കരുതി മരുന്നും ചികിത്സയും തുടരുന്നതിനിടെ ദിവസങ്ങൾക്ക് മുമ്പ് മൂത്രത്തിൽ നിന്ന് രക്തം വരാൻ തുടങ്ങി. തുടർന്ന് ബുധനാഴ്ച സ്വകാര്യ ലാബിൽ നിന്ന് എക്‌സറേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത്.

കെ.സി. വേണുഗോപാൽ എം.പി.യുടെ ഇടപെടലിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. അവിടെയുള്ള പരിശോധനകൾക്ക് ശേഷം കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടൻ നടക്കും. 

 Medical malpractice at Vandanam Medical College; Minister seeks report on scissors found in stomach

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0