വാഹന പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കിട്ടാൻ ഇനി പ്രയാസപ്പെടും #Thiruvananthapuram

 


വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ് കിട്ടാനും ഇപ്പോൾ കടമ്പകളായി. രാജ്യ തലസ്ഥാനത്തും മറ്റും പുക മലിനീകരണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുക പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുള്ളത്.

പുതിയ വ്യവസ്ഥയനുസരിച്ച് വാഹന പുകപരിശോധന നടത്തണമെങ്കിൽ ആർസി ബുക്കും ആർസി ഉടമയുടെ ആധാർ കാർഡും വേണം. ആർസി ബുക്കിൽ ചേർത്തിട്ടുള്ള ഫോണും കരുതണം.

ആ ഫോണിലേക്കാണ് പരിശോധന നടപടികളുടെ ഭാഗമായുള്ള ഒടിപി നമ്പർ വരിക.സെൻട്രൽ മോട്ടോർ വാഹനങ്ങൾ നിയമപ്രകാരമാണ് പുകപരിശോധന നടത്തുന്നത്. പരിശോധനയിൽ നിർദ്ദേശിച്ചതിലും കൂടുതൽ പുകയുണ്ടെങ്കിൽ പരിശോധന വിജയിക്കില്ല. കൃത്രിമം കാട്ടി പുക സർട്ടിഫിക്കറ്റ് സമ്പാദിക്കാനും കഴിയില്ല. പരിശോധനയിൽ കണ്ടെത്തുന്ന അളവുകൾ എംവിഡി സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. സബ്‌മിറ്റ് ചെയ്ത് പ്രിൻ്റ് കൊടുത്താൽ മാത്രമെ പരിശോധന പൂർണമാകൂ. പരിശോധന പരാജയപ്പെട്ടാൽ വാഹനം മെക്കാനിക്കിൻ്റെ പരിശോധനകൾക്ക് വിധേയമാക്കി പുകയുടെ അളവ് കുറയ്ക്കണം. ഒരുതവണ പുക പരിശോധന പരാജയപ്പെട്ടാൽ 24 മണിക്കൂറിനു ശേഷം വീണ്ടും പരിശോധന നടത്താൻ കഴിയും. ഓരോ തവണ പരിശോധന നടത്തുമ്പോഴും ഫീസ്‌  ഈടാക്കും.

പുക പരിശോധന കേന്ദ്രങ്ങൾക്കും പുതിയ വ്യവസ്ഥകൾക്കും അധികചെലവുണ്ടാക്കിയിട്ടുണ്ട്. പലയിടത്തും കൂടുതൽ സ്റ്റാഫിനെ നിയമിക്കേണ്ടി വന്നതായും പറയുന്നു. മുമ്പൊക്കെ പുക പരിശോധന ഒരു പണിയായിരുന്നില്ല. എന്നാൽ ഇപ്പോൾ അതും രേഖകളുടെ പിൻബലത്തിലായി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0