കണ്ണൂർ: ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന റിട്ടയേർഡ് ബാങ്ക് മാനേജറെ 'ഡിജിറ്റൽ' അറസ്റ്റ് ചെയ്ത് പണം തട്ടാനുള്ള നീക്കം തോട്ടട സ്വദേശി റിട്ടയേർഡ് ബാങ്ക് മാനേജർ പ്രമോദ് മഠത്തിലിൻ്റെ ജാഗ്രതയിലും കണ്ണൂർ സിറ്റി സൈബർ പോലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെയും പൊളിച്ചു. ജനുവരി 11-നാണ് തട്ടിപ്പിന് തുടക്കമിട്ട ഫോൺ കോൾ പ്രമോദ് മഠത്തിൽ ലഭിക്കുന്നത്.
മുംബൈയിലെ കാനറ ബാങ്കിൽ പ്രമോദിൻ്റെ പേരിൽ ഒരു പണവും സിം കാർഡും എടുത്തിട്ടുണ്ടെന്നും, നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു പിടിച്ചെടുത്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ പ്രമോദിൻ്റെ ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു തട്ടിപ്പുകാർ പ്രമോദിനെ വിശ്വസിച്ചിപ്പിച്ചത്. ഇതിൻ്റെ തെളിവായി എഫ്.ഐ.ആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ എന്നിവയും അയച്ചു നൽകി ഭീഷണിപ്പെടുത്തി. എന്നാൽ, കാര്യങ്ങൾ മനസ്സിലാക്കിയ പ്രമോദും ഭാര്യയും ഉടൻ തന്നെ കണ്ണൂർ സിറ്റി സൈബർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് ജനുവരി 12-ന് രാവിലെ 11.30-ന് തട്ടിപ്പുകാർ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടതനുസരിച്ച് സൈബർ പോലീസ് സംഘം പ്രമോദിൻ്റെ വീട്ടിലെത്തി.
സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ മിഥുൻ എസ്. വി-യുടെ നേതൃത്വത്തിൽ എസ്.ഐ-മാരായ പ്രകാശൻ വി, ഷമിത്ത് എം, സി.പി.ഒ-മാരായ ദിജിൻ പി. കെ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്. നിലവിൽ നടക്കുന്ന ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി. തുടർന്ന് പോലീസിൻ്റെ നിർദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയിൽ തട്ടിപ്പുകാരുടെ വീഡിയോ കോൾ അറ്റൻഡ് ചെയ്തു.
ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എൻഐഎ ഉദ്യോഗസ്ഥൻ സ്ക്രീനിലെത്തി. പത്ത് മിനിറ്റോളം ഇയാൾ പ്രമോദുമായി സംസാരിച്ചു. സ്ഥാപനങ്ങളുടെ പേരിൽ സിം കാർഡ് എടുക്കുമ്പോൾ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാർ മാത്രം മതിയെന്നും പറഞ്ഞാണ് ഇവർ വ്യാജ സിം കാർഡ് കഥ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. സംഭാഷണത്തിനിടെ തട്ടിപ്പുകാർക്ക് യാതൊരു സംശയവും നൽകാതെ, കൃത്യസമയത്ത് സൈബർ പോലീസ് ഉദ്യോഗസ്ഥർ കോൾ ഏറ്റെടുക്കുകയും തട്ടിപ്പ് സംഘത്തിൻ്റെ നീക്കം പരാജയപ്പെടുകയും ചെയ്തു. തുടർന്ന് സൈബർ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പാണോ എന്ന സംശയം ഉണ്ടായ ഉടനെ വിവരം സൈബർ പോലീസിനെ അറിയിച്ച പ്രമോദിനെയും ഭാര്യയെയും പോലീസ് അഭിനന്ദിച്ചു.
digital arrest

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.