ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്നുള്ള ഹൃദ്യമായ അനുഭവം പങ്കുവെച്ച് ട്രാവൽ വ്ലോഗറായ വെറോണിക്ക. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കേരളത്തിൻ്റെ ആരോഗ്യമേഖലയെ വെറോണിക്ക പ്രശംസിച്ചത്. ചർമസംബന്ധമായ പ്രശ്നത്തിന് ചികിത്സ തേടിയെത്തിയ തനിക്ക് വെറും പത്തുമിനിട്ടിനുള്ളിൽ ഡോക്ടറെ കാണാനായെന്നും തൻ്റെ നാടായ സ്പെയിനിലാണെങ്കിൽ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നേനെയെന്നും വെറോണിക്ക പറയുന്നു.
വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >>
ആലപ്പുഴ ജില്ലയിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ സഹിതമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സർക്കാർ ആശുപത്രിയിൽ നിന്ന് താനൊരിക്കലും ഇത് പ്രതീക്ഷിച്ചില്ല എന്നുപറഞ്ഞാണ് വെറോണിക്ക വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിൽ എല്ലാ സ്ഥലത്തും ഇങ്ങനെയാണോ എന്ന് തനിക്കറിയില്ലെന്നും വെറോണിക്ക പറയുന്നു.
തൻ്റെ നാട്ടിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെങ്കിൽ എട്ടുമാസമെങ്കിലും കാത്തിരിക്കണം. എന്നാൽ ഇന്ത്യയിൽ അത്തരം അപ്പോയിൻ്റ്മെൻ്റിൻ്റെ ആവശ്യമില്ല. രജിസ്ട്രേഷൻ ചെയ്ത് വെറും പത്തുമിനിട്ടിനുള്ളിൽ ഡെർമറ്റോളജിസ്റ്റിനെ കാണാനാവും. ഇതൊരു സർക്കാർ ആശുപത്രി കൂടിയാണെന്ന് ഓർക്കണം- വെറോണിക്ക പറയുന്നു.
മുഖക്കുരു കൂടിയതുകൊണ്ടാണ് വെറോണിക്ക ആശുപത്രിയിൽ പോയത്. ചികിത്സയ്ക്ക് പിന്നാലെ ഭേദമായി വരുന്നുണ്ടെന്നും വെറോണിക്ക പറയുന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.