കൊല്ലം:ചോക്ലേറ്റ് നിരസിച്ചതിന് എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച 19 കാരൻ അറസ്റ്റിൽ. ഏരൂർ പോലീസിൻ്റെ പിടിയിലായത് ഏരൂർ കിട്ടൻകോണം സിന്ധുഭവനിൽ ആനന്ദ് ആണ്.
കുറച്ചു നാളായി ഇയാൾ ചോക്ലേറ്റുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ കുട്ടി വിവരം വീട്ടിൽ പറഞ്ഞു. മാതാവ് സ്കൂളിലെത്തി അധ്യാപകരെ കാര്യം ധരിപ്പിച്ചു. എന്നാൽ ഇന്നും ചോക്ലേറ്റുമായി ആനന്ദ് കുട്ടിയുടെ പിന്നാലെയെത്തി. സ്കൂളിൻ്റെ മതിലിൽ ചാടിക്കടന്ന് കൊമ്പൗണ്ടിനുള്ളിൽ കയറി ശല്യം ചെയ്തു.
ചോക്ലേറ്റ് നിരസിച്ചതോടെ ഇയാൾ കുട്ടിയുടെ കയ്യിൽ കടന്നുപിടിച്ചു. തുടർന്ന് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു. ഇതോടെ പ്രതിയുടെ കയ്യിൽ കടിച്ച് കുട്ടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ ആനന്ദ് സ്കൂളിൻ്റെ മതിലിൽ ചാടിക്കടന്ന് രക്ഷപ്പെടുകയും ചെയ്തു.
അധ്യാപകരെ വിവരമറിയിച്ചതിനെ തുടർന്ന് ഏരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രക്ഷപ്പെട്ട പ്രതി സ്കൂളിന് സമീപത്തുള്ള കടയിൽ കയറി ഒളിച്ചു. കടയ്ക്ക് സമീപത്തുനിന്നും ഇയാളുടെ വാഹനം കണ്ടെത്തിയതിനാല്‍ പോലീസ് പ്രതി സമീപത്ത് തന്നെ ഉണ്ടെന്ന് ഉറപ്പിച്ചു.
കടയിൽ പരിശോധന നടത്തിയ പോലീസ് ആനന്ദിനെ കണ്ടെത്തി. ചിത്രം പകർത്തി സ്കൂൾ അധികൃതർക്ക് അയച്ചു നൽകി പ്രതി ആനന്ദ് തന്നെ എന്ന് ഉറപ്പിച്ചു. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
19-year-old arrested for assaulting 8th grader for refusing chocolate

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.