ശ്വാസകോശം തകരാറിലായ 15 കാരി അബോധാവസ്ഥയിൽ’; സഹായം തേടി മാതാപിതാക്കള്‍


 തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ തന്നെ പരിചരിച്ച സ്ഥാപനത്തിനും നഴ്സുമാർക്കും മഞ്ജലിക (15) മനോഹരമായ ചിത്രങ്ങൾ വരച്ചു നൽകി. ഇനിയും വരയ്ക്കാൻ ഒരുപാട് ചിത്രങ്ങളും എഴുതാൻ കഥകളും കവിതകളും ബാക്കി.. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തകരാറിലായ ശ്വാസകോശത്തിനു പകരം എക്സ്ട്രാകോർപറിയൽ മെംബ്രെയ്ൻ ഓക്സിജനേഷൻ (എക്മോ) എന്ന ജീവൻരക്ഷാ ഉപകരണത്തിൻ്റെ സഹായത്താൽ ശ്വാസമെടുത്ത്, അബോധാവസ്ഥയിൽ കഴിയുകയാണ് ഈ മിടുക്കി.

പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ സ്കൂളിലെ സഹപാഠികൾ പത്താം ക്ലാസ് പരീക്ഷയെഴുതാനൊരുങ്ങുമ്പോൾ മഞ്ജലികയ്ക്ക് സ്വന്തമായി ശ്വസിക്കാൻ ശ്വാസകോശം മാറ്റിവയ്ക്കണം. തിരുവനന്തപുരം പിരപ്പൻകോട് പ്ലാക്കീഴ് കുന്നുംപുറത്ത് വീട്ടിൽ രാജേഷിനും മഞ്ജുവിനും വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ മകളാണ് ആർ.എം. മഞ്ജലിക. പാട്ടും നൃത്തവും എഴുത്തുമെല്ലാം വഴങ്ങിയിരുന്ന മിടുക്കി.

രണ്ടു മാസം മുൻപ് ജലദോഷത്തിൻ്റെ രൂപത്തിലാണ് രോഗമെത്തിയത്. ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കടുത്ത ന്യൂമോണിയ കാരണം ശ്വാസകോശാഭിത്തികൾ തകർന്നതായി കണ്ടെത്തി. ഒരു മാസത്തോളം ഐസിയുവിൽ കഴിഞ്ഞു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനിടയിലും 8 കഥകളും 2 കവിതകളും എഴുതി. ക്രിസ്മസ് കാർഡുകൾ നൽകി. പിന്നീടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ശ്വാസകോശം മാറ്റിവയ്ക്കുകയാണ് പോംവഴി. അതിനു ചെന്നൈയിലെ ആശുപത്രിയിലേക്കു മാറ്റണം. 88 ലക്ഷം രൂപ ശസ്ത്രക്രിയയ്ക്കും പിന്നീടുംവേണ്ടി വരും. 30 ലക്ഷത്തിലധികം രൂപ ചെലവായി. ഇപ്പോഴുള്ള ചികിത്സയ്ക്ക് ദിവസവും കുറഞ്ഞത് ഒന്നര ലക്ഷം രൂപ ചെലവുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയും നാട്ടിലെ രാഷ്ട്രീയ, സാമൂഹിക സംഘടനകളും മുഖേനയും ക്രൗഡ് ഫണ്ടിംഗും നടത്തിയാണ് ഇത്രയും നാള് ചികിത്സ നടത്തിയത്. ഇനി എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് രാജേഷും മഞ്ജുവും.

ജി. രാജേഷിൻ്റെ പേരിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട്‌ ഉണ്ട്. നമ്പർ: 14220100096559. ഐഎഫ്എസ്‌സി: FDRL0001422. യുപിഐ നമ്പർ: 9847583344

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0