ടാങ്കർ ലോറി നന്നാക്കുന്നതിനിടെ അപകടം, തനിയെ നീങ്ങിയ മറ്റൊരു ടാങ്കർ ലോറി കയറി യുവ മെക്കാനിക്ക് മരിച്ചു.#Tripunithura#Accident



തൃപ്പൂണിത്തുറ:
തകരാറിലായ ലോറി നന്നാക്കുന്നതിനിടെ, നിർത്തിയിട്ടിരുന്ന മറ്റൊരു ലോറി ഉരുണ്ട് വന്ന് ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി എരാടെയിൽ ബിജു കുമാറിന്റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11.30ഓടെ ഇരുമ്പനം എച്ച്.പി ടെർമിനലിനുള്ളിൽ വെച്ചായിരുന്നു അപകടം. ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന്, ജീവനക്കാരൻ വിളിച്ചത് പ്രകാരം, ചേരാനല്ലൂരിലുളള സർവീസ് സെന്ററിൽ നിന്നും ലോറി നന്നാക്കാൻ എത്തിയതായിരുന്നു ജിഷ്ണു.

അറ്റകുറ്റപ്പണി നടക്കുന്നതിനിടെ, എച്ച്പി ടെർമിനലിൽ എത്തനോൾ ഇറക്കാൻ വന്ന ടാങ്കർ ലോറി സമീപത്ത് നിർത്തി. പിന്നീട്, ഡ്രൈവർ അതിൽ നിന്ന് ഇറങ്ങി തന്റെ രേഖകൾ കാണിക്കാൻ സെക്യൂരിറ്റി ക്യാബിനിലേക്ക് പോയി. ഈ സമയത്ത്, ലോറി സ്വയം മുന്നോട്ട് ഉരുണ്ടു. സർവീസ് സെന്റർ വാഹനത്തിൽ ഇടിച്ച ശേഷം, അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരുന്ന ലോറിയിൽ ഇടിച്ചു. ലോറി നന്നാക്കിക്കൊണ്ടിരുന്ന ജിഷ്ണു ലോറിയുടെ മുൻ ചക്രത്തിനടിയിൽ കുടുങ്ങി.

തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ ഉടൻ തന്നെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ എത്തനോൾ ലോറി മതിയായ സുരക്ഷയില്ലാതെ പാർക്ക് ചെയ്തിരുന്നതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ ഹിൽപാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Lorry Mechanic Dies in Accident near Irumpanam HP Terminal
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0