“രാഹുല്‍ മാങ്കൂട്ടം കേസ്: അടച്ചിട്ട കോടതിയിൽ വിചാരണ വേണമെന്ന് അതിജീവിതയുടെ ആവശ്യം” #Rahul Mangkootatil

 


അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകി അതിജീവിത. പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. നേരത്തെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഇതേ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയിരുന്നു.

അതേസമയം, ബലാത്സംഗ കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ആറാം ദിവസവും ഒളിവിൽ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കണ്ടെത്താൻ തമിഴ്നാട്ടിലും കേരളത്തിലും വ്യാപക തെരച്ചിൽ നടത്തുകയാണ്. യുവനടിയുടെ ചുവന്ന കാർ പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ വീട്ടിലും ഉണ്ടായിരുന്നതായാണ് വിവരം. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച വൈകീട്ട് നേരെ പോയത് പൊള്ളാച്ചിയിലേക്ക് ആണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ഹൈവേ ഒഴിവാക്കി കൊഴിഞാമ്പാറ വഴിയാണ് എംഎൽഎ കടന്നിരിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നാണ് വിവരം. രാഹുലിൻ്റെ ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് ചുവന്ന കാർ എന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. ബെംഗലൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാൻ നീക്കമുണ്ട്. രാഹുലിനെ രക്ഷപ്പെടാൻ നേതാവ് സഹായം ചെയ്തതെന്ന് ആരോപണമുണ്ട്. എന്നാൽ ആരോപണം നിഷേധിച്ച് KPCC ജനറൽ സെക്രട്ടറി C ചന്ദ്രൻ രംഗത്തെത്തി.

അതേസമയം പൊലീസ് പരാതിക്കാരിയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗർഭഛിദ്രത്തിനും ഭീഷണിപ്പെടുത്തിയതിനും തെളിവ് ശേഖരിച്ചു. രാഹുലിൻ്റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർടേക്കറുടെയും മൊഴി രേഖപ്പെടുത്തി. ചുവന്ന പോളോ കാർ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായാണ് കെയർടേക്കറുടെ മൊഴി. മൂന്ന് കാറും MLA മാറി മാറി ഉപയോഗിച്ചിരുന്നതായി കെയർടേക്കറുടെ മൊഴിയില്‍ പറയുന്നു. കോടതിയിൽ ഹാജരാക്കാൻ പരമാവധി തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0