കരീംനഗർ: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച 17 വയസ്സുകാരിയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. തെലങ്കാനയിലെ കരീംനഗറിലാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. സംഭവത്തിൽ കുട്ടിയുടെ അച്ഛനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
വിട്ടുമാറാത്ത വയറുവേദനയെത്തുടർന്ന് മകൾ ആത്മഹത്യ ചെയ്തുവെന്നായിരുന്നു മാതാപിതാക്കൾ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, കുട്ടിയുടെ മരണം ശ്വാസം മുട്ടിയാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായി.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഗ്രാമത്തിലെ മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ ബന്ധത്തിൽ നിന്ന് പിൻമാറണമെന്ന് മാതാപിതാക്കൾ പലതവണ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല.
ഇതേത്തുടർന്ന് പ്രകോപിതരായ ദമ്പതികൾ പെണ്‍കുട്ടിയെ നിർബന്ധപൂർവ്വം കീടനാശിനി കുടിപ്പിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് ഇവർ ശ്രമിച്ചത്. ദമ്പതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Parents kill 17 year old daughter

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.