രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നാളെ ;കണ്ണൂരിലെ 1025 പ്രശ്നബാധിത ബൂത്തുകളിൽ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും ഏര്‍പ്പെടുത്തി. #Kannur#
കണ്ണൂർ:രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നാളെ. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന കണ്ണൂർ ജില്ലയിൽ, പ്രശ്നബാധിതമായ 1025 ബൂത്തുകളിൽ ഉയർന്ന സുരക്ഷാ ക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അധിക പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും. ഇതോടൊപ്പം, പ്രശ്നബാധിത ബൂത്തുകളിൽ സജ്ജീകരിച്ചിരിക്കുന്ന തത്സമയ വെബ്കാസ്റ്റിംഗ് വഴി അതത് ജില്ലാ കളക്ടർമാരിൽ സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ റൂമുകളില്‍ നിന്നും നിരീക്ഷിക്കും. സിറ്റി പോലീസ് കമ്മീഷണർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിൽ ജില്ലകളിലെ നിരീക്ഷണം നടക്കുന്നു.
ബൂത്തുകളിൽ എന്തെങ്കിലും അസാധാരണമായ പ്രവർത്തനങ്ങൾ കണ്ടാൽ, കമ്മീഷൻ ഉടൻ ഇടപെട്ട് നടപടിയെടുക്കും. ബൂത്തിനുള്ളിൽ അതിക്രമിച്ചു കയറുകയോ തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്താൻ കൂട്ടമായി ഒത്തുകൂടുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകും. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് രണ്ട് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ കൂടാതെ പോലീസ്, എക്സൈസ്, ബിഎസ്എൻഎൽ, ഐകെഎം, മോട്ടോർ വാഹന വകുപ്പ്, കെൽട്രോൺ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് നിരീക്ഷണം നടത്തുന്നത്.
പോളിംഗ് ഏജന്റിന്റെ നിയമനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ ഒരു വാർഡിലെ പോളിംഗ് സ്റ്റേഷനിൽ പോളിംഗ് ഏജന്റായി നിയമിക്കപ്പെടുന്ന വ്യക്തി ആ വാർഡിലെ വോട്ടറായിരിക്കണമെന്ന് നിർബന്ധമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.