• സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്
സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന്
ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്.
• രാജ്യം ഇന്ന് ഭരണഘടനാ ദിനം സമുചിതമായി ആചരിക്കും. പഴയ പാര്‍ലമെന്റ്
മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക്
രാഷ്ട്രപതി ദ്രൗപദി മുര്‍മു നേതൃത്വം നല്‍കും. 1949, നവംബര്‍ 26ന് ഭരണഘടനാ
അസംബ്ലി ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കുന്നതിന്റെ
ഭാഗമായാണ് 2015 മുതല്‍ ഭരണഘടനാ ദിനം, സംവിധാന്‍ ദിവസ് ആയി ആചരിക്കുന്നത്.
• തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ,
സ്ഥാനാർത്ഥികളുടെ പൂർണ ചിത്രം തെളിഞ്ഞു. 75,632 സ്ഥാനാർത്ഥികളാണ് ആകെ മത്സര
രംഗത്തുള്ളത്. ഇതോടെ, പ്രചാരണ രംഗത്ത് അല്പം കൂടി ആവേശം
കൂട്ടിയിരിക്കുകയാണ് മുന്നണികൾ.
• വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി
എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില
റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് മന്ത്രി വി
ശിവൻകുട്ടി.
• ഒരുദിവസം ശരാശരി 137 സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികൾ പങ്കാളികളാലോ
ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്.
• നടിയെ ആക്രമിച്ച കേസിന്റെ വിധി ഡിസംബര്‍ എട്ടിന് പ്രസ്താവിക്കും. കേസ് വിചാരണക്കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ഡിസംബർ എട്ടിന് വിധി
വരുമെന്ന് അറിയിച്ചത്.കേസിൽ ഇന്നലെ പൾസർ സുനി അടക്കം അഞ്ച് പ്രതികൾ
ഹാജരായി. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിന്‍റെ വിധി
വരുന്നത്. 2025 ഏപ്രിൽ അന്തിമ വാദം പൂർത്തിയായിരുന്നു.
• തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തെരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934
ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ
അറിയിച്ചു. 14 ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാരും 28 അസിസ്റ്റന്റ്
ഓഫിസർമാരുമാണുള്ളത്. 1,249 റിട്ടേണിങ് ഓഫിസർമാർ, 1,321 അസിസ്റ്റന്റ്
റിട്ടേണിങ് ഓഫിസർമാർ, 1,034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ എന്നിവരേയും
നിയോഗിച്ചിട്ടുണ്ട്.
• തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെയും
വോട്ടിങ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ
സർക്കാർ പ്രസുകളിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ,
കോർപറേഷനുകൾ എന്നിവിടങ്ങളിൽ വെള്ള, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക്,
ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറങ്ങളിലാണ് ബാലറ്റ് പേപ്പറുകളും
ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.