രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് വി.ഡി സതീശൻ; മുഖം നോക്കാതെ നടപടിയെന്ന് പ്രതികരണം, 'കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല' #V D Satheeshan

 
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. 

ആരോപണമുന്നയിച്ച പെൺകുട്ടി റിനി മകളെപ്പോലെയാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 

രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഒരു മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ കഴിയില്ലെന്നും വ്യക്തിപരമായി ഒരാളും പരാതി പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്. പരാതി പാർട്ടി പരിശോധിക്കും. നടപടിക്ക് മുൻകൈയെടുക്കും. 

മുമ്പിൽ വന്ന പരാതിയുടെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിച്ചു കഴിഞ്ഞു. കോൺഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഗൗരവത്തോടുള്ള പരാതി വരുന്നത് ഇപ്പോഴാണ്. തന്നെ കൂടി ഇരയാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്നും വിഡി സതീശൻ പറഞ്ഞു. 

ആരോപണ വിധേയന് പറയാനുള്ളത് കൂടി കേട്ട് നടപടിയെ‌ടുക്കും. നടപടിയെടുക്കുന്നതിന് പാർട്ടിയിൽ ഒരു നടപടിക്രമമുണ്ട്. പരാതിയുടെ ഗൗരവം നോക്കും. ആരോപണ വിധേയന് പറയാനുള്ളത് കേൾക്കുമെന്നും ശേഷമായിരിക്കും നടപടി എടുക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. ഏതു നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ വ്യക്തമാക്കി. 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0